ശ്രീനിവാസൻ സന്ദേശം എന്ന സിനിമയിൽ എഴുതി വെച്ചത് മരണശേഷവും സംഭവിക്കുന്നു; ”ഈ ഡെഡ് ബോഡി ഞങ്ങളുടേതാണ്” എന്ന രീതിയിലെ പരാമർശവുമായി കെഎസ്യു നേതാവ് അലോഷ്യസ് സേവ്യർ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻറെ സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. മഹാനായ ഈ കലാകാരന്റെ വിയോഗം മലയാളം സിനിമയ്ക്ക് തീരാനഷ്ട്ടം തന്നെയാണ്.
മലയാളസിനിമയിലെയും രാഷ്ട്രീയത്തിലെയും എന്ന് വേണ്ട എല്ലാ മലയാളികളും അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു.
അന്ത്യാഞ്ജലി അര്‍പ്പിക്കാൻ തെന്നിന്ത്യന്‍ സൂപ്പർ താരം സൂര്യ ഇന്ന് രാവിലെ എത്തിയിരുന്നു. ഇന്നലെ എത്തുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമര്‍പ്പിക്കുകയായിരുന്നു.
കുഞ്ഞുനാള് മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് സൂര്യ പറഞ്ഞത്.
ശ്രീനിവാസന്റെ വിയോഗത്തിൽ സൂപ്പർസ്റ്റാർ രജിനികാന്ത് ഓർമ്മകൾ പങ്ക് വെച്ചിരുന്നു. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയിൽ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓർമകൾ താരം മാധ്യമങ്ങളോട് പങ്കു വെക്കുകയും ചെയ്തു.
മദ്രാസിലെ ഫിലിം ചേമ്പറിലായിരുന്നു ഇരുവരും ഒരുമിച്ച് പഠിച്ചത്. ശ്രീനിയുടെ സീനിയറായിരുന്നു രജനീകാന്ത്. മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസനും പറഞ്ഞിട്ടുണ്ട്.
എല്ലാവരും ആ കലാകാരന് ആദരവ് അർപ്പിച്ച് കൊണ്ട് അവസാന യാത്രാമൊഴി നേരമ്പോൾ, അതിലേക്ക് രാഷ്ട്രീയം വലിച്ചിടുന്ന ഒരു മലീമസമായ കാഴ്ചയും ഇന്നലെ ഉണ്ടായി. ശ്രീനിവാസന്റെ നിര്യാണത്തിൽ കെഎസ്യു അനുശോചിക്കുന്നുവെന്ന് അറിയിച്ച് നടത്തിയ പ്രസ്താവനയാണ് ആ ദുഃഖവാർത്തക്കിടയിലും നിരവധി ട്രോളുകൾക്ക് വഴി തെളിച്ചത്.
ശ്രീനിവാസന്റെ നിര്യാണത്തിൽ കെഎസ്യു അനുശോചനം രേഖപ്പെടുത്തിയതാണ് സംഭം. സിനിമ ലോകത്തെ ബഹുമുഖ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നിലപാടുകൾ ഉള്ള നടനായിരുന്നു അദ്ദേഹം. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു നീങ്ങിയ അദ്ദേഹത്തിന്റെ സംഭാവനകൾ കാലത്തിന് മറക്കാനാവുന്നതല്ല. ഇതൊക്കെയാണ് അലോഷ്യസ് സേവ്യർ പറഞ്ഞത്. പിന്നീട് അദ്ദേഹം പറഞ്ഞത് ശ്രീനിവാസൻ എന്ന കെഎസ്യു കാരനെ കുറിച്ചായിരുന്നു.
1969 ൽ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ ബിഎ വിദ്യാർത്ഥിയായിരിക്കെ കെഎസ്യു പാനലിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി അദ്ദേഹം വിജയിച്ചിരുന്നു എന്നാണ് അലോഷ്യസ് സേവ്യർ അടിച്ച് വിട്ടത്.
എന്നാൽ “1956ല്‍ ജനിച്ച്, 1969 ആകുമ്പോളെക്ക്, അതായത് വെറും 13 വയസുള്ളപ്പോൾ ശ്രീനിവാസന് എങ്ങനെ ബിഎ വിദ്യാർഥി ആകുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.
അതോടെ ശ്രീനിവാസൻ എഴുതിയ സിനിമയായ സന്ദേശത്തിലെ ഹാസ്യരംഗങ്ങൾ ഉപയോഗിച്ചാണ് ട്രോളുകൾ വരുന്നത്. സന്ദേശത്തിൽ ഒരാൾ മറിച്ച് കിടക്കുമ്പോൾ, ഇത് ഞങ്ങളുടെ ഡെഡ് ബോഡിയാണ്” എന്ന അവകാശവുമായി രാഷ്ട്രീയ പാർട്ടികൾ വരുന്നുണ്ട്. ആ രംഗം ഓർമ്മിപ്പിക്കുന്നതായി കെഎസ്യു നേതാവിന്റെ വാക്കുകൾ.
സന്ദേശം എന്ന സിനിമ കാലങ്ങൾക്ക് മുന്നേ എഴുതപ്പെട്ട കേരളത്തിന്റെ രാഷ്ട്രീയ ചിത്രമാണെന്ന് ഒരിക്കൽ കൂടെ ഉറപ്പിക്കുകയാണ് കെഎസ്യു നേതാവ് അലോഷ്യസ് സേവ്യർ. എല്ലാ രാഷ്ട്രീയക്കാരെയും വിമർശിച്ചിരുന്ന ഒരാളായിരുന്നു അന്തരിച്ച ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മരണത്തിൽപോലും ഈ ഡെഡ് ബോഡി ഞങ്ങളുടേതാണ് എന്ന് വിളിച്ച് പറയാൻ തക്ക, ഉളുപ്പില്ലാത്ത ഒരു സൂപ്പർ സീനിയർ നേതാവിനെയാണ് ഈ വിദ്യാർത്ഥി സംഘടനക്ക് കിട്ടിയിരിക്കുന്നത് എന്നതിൽ ഖേദം രേഖപ്പെടുത്തുന്നു.













