തൃശൂരിൽ സുരേഷ്ഗോപിയെ ജയിപ്പിച്ച അടവ് തിരുവനന്തപുരത്തും പയറ്റുന്നു; ഫ്ലാറ്റുകൾ വാടകക്ക് എടുത്ത് ബിജെപിയുടെ കള്ളക്കളിയെന്ന് മന്ത്രി ശിവൻകുട്ടി
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മോഡല്‍ വോട്ട് ചേര്‍ക്കല്‍ തിരുവനന്തപുരത്തും ബിജെപി നടത്തുന്നു എന്ന് പറയുകയാണ് മന്ത്രി വി ശിവന്‍കുട്ടി. പ്രധാനമായും ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടുകള്‍ വ്യാപാകമായി ചേര്‍ത്തുന്നുണ്ട്. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന നാല് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം നീക്കം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരിശോധന നടത്തണം എന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, നേമം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നത്. മറ്റിടങ്ങളില്‍ നിന്ന് പലരുടെയും വോട്ട് ഇവിടേക്ക് മാറ്റുകയാണ് ഇവർ ചെയ്യുന്നത്. ഫ്ളാറ്റുകള്‍ വാടകക്കെടുത്ത് വോട്ട് ചേര്‍ക്കുകയാണ്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് കയറാന്‍ പോലും പറ്റാത്ത ഇടങ്ങളാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ബിജെപി ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങള്‍ എന്ന് പ്രചാരണം നടത്തുന്ന ഇടങ്ങളിലാണ് ഈ നിയമവിരുദ്ധ നീക്കം.
ബിജെപിയുടെ നേതാക്കള്‍ ഇവിടെ നേരത്തെ വീടെടുത്ത് താമസം തുടങ്ങി. 300 ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഈ നാല് മണ്ഡലങ്ങളിലുള്ളത്. അതിൽ പന്ത്രണ്ടായിരം ഫ്ളാറ്റുകളുണ്ട്. അടുത്ത കാലത്ത് വാടകക്ക് താമസമാക്കിയവര്‍ ആരൊക്കെ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു.
തൃശൂരില്‍ സുരേഷ്ഗോപിക്ക് വേണ്ടി നടപ്പാക്കിയ അതേ രീതിയാണ് തിരുവനന്തപുരം ജില്ലയിലും ബിജെപി നടത്തുന്നത്. വാടകക്ക് എടുത്തവര്‍ അവിടെ താമസിക്കണം എന്നില്ല. ഉടമകള്‍ക്ക് വാടക കിട്ടിയാല്‍ മതി. വോട്ട് ചെയ്യുന്ന വേളയില്‍ പലരും എത്തി വോട്ട് രേഖപ്പെടുത്തും. സുരേഷ് ഗോപി തൃശൂരില്‍ ചെയ്തതും അതുതന്നെയായിരുന്നല്ലോ എന്നും ശിവന്‍കുട്ടി പറഞ്ഞു.
കോഴിക്കോട്ടുകാരനായ ബിജെപിയുടെ സംസ്ഥാന നേതാവ് മുരളീധരന് ഉള്ളൂരാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ താമസിക്കരുത് എന്ന് പറയാന്‍ ആർക്കും പറ്റില്ലല്ലോ. ഇത്തരത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അവരുടെ വോട്ടുകൾ മാറ്റി ചേര്‍ക്കുകയാണ് ബിജെപി എന്നും ശിവന്‍കുട്ടി പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് താന്‍ തീരുമാനിച്ചു എന്നും മന്ത്രി വ്യക്തമാക്കി.
ജനാധിപത്യത്തില്‍ നടക്കുന്ന ഒരുതരം കള്ളക്കളിയാണിത്. 71 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് മറ്റെല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് താമസം മാറ്റി വോട്ട് ചേര്‍ത്താല്‍ കേരളം ഭരിക്കാമല്ലോ എന്നും ശിവൻകുട്ടി ചോദിച്ചു. ശ്രീചിത്രയിലും എസ്ഐടിയിലും ചികില്‍സക്ക് എത്തുന്നവര്‍ എന്ന് പറഞ്ഞാണ് വീട് വാടകക്ക് എടുക്കുന്നത്. യഥാര്‍ഥത്തില്‍ ചികില്‍സക്ക് എത്തുന്നവരെ ദുരുപയോഗം ചെയ്യുകയാണ്. തൃശൂരില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിലും ചെയ്യുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.













