ദാവൂദ് മണി അല്ലെങ്കിൽ ദുബായ് മണി എന്ന വിഗ്രഹക്കടത്തുകാരൻ ഡി. മണി; ശബരിമലയിൽ നിന്നും പഞ്ചലോഹ വിഗ്രഹങ്ങൾ മോഷ്ട്ടിച്ച് വിറ്റതായി മൊഴി
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ഇപ്പോൾ ചെന്നെത്തുന്നത് പുരാവസ്തുക്കടത്തിലേക്കും കൂടിയാണ്. . ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നുള്ള സൂചനയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സീനിയർ നേതാവ് രമേശ് ചെന്നിത്തല നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്.
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് വാങ്ങിയിരിക്കുന്നത് തമിഴ്നാട് ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണെന്നും വ്യവസായി മൊഴി നല്കി. 2019 – 2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതെന്നാണ് വ്യവസായി മൊഴി നല്‍കിയിരിക്കുന്നത്.
ഈ കാലഘട്ടത്തില്‍ എ പത്മകുമാറും എന്‍ വാസുവുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍. നിലവില്‍ രണ്ട് പേരും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി ജയിലിലാണ്. വ്യവസായി പരാമര്‍ശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത്.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുവെച്ചായിരുന്നു പണം കൈമാറിയത്. ഡി മണി നേരിട്ടെത്തിയായിരുന്നു അന്ന് പണം നല്‍കിയത്. ശബരിമലയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണ് പണം വാങ്ങിയതെന്നാണ് വിവരം. പണം കൈപ്പറ്റുമ്പോള്‍ ഉന്നതനും ഉണ്ണികൃഷ്ണന് പോറ്റിയും ഡി മണിയും മാത്രമായിരുന്നു ആ സ്ഥലത്തുണ്ടായിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇനി ഡി മണിയെ കണ്ടെത്താനാണ് എസ്ഐടിയുടെ തീരുമാനം. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നല്കിയ മൊഴി. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്.
ഇത് സംബന്ധിച്ച് തന്റെ കൈയില്‍ ഇപ്പോൾ തെളിവുകൾ ഇല്ലെന്നും, വ്യവസായി തന്നോട് ഇക്കാര്യം പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതേത്തുടർന്ന് ഈ വ്യവസായിയെ ക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറി. ഇതിന് പിന്നാലെയാണ് വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഫോണില്‍ വിളിച്ചായിരുന്നു അന്വേഷണ സംഘം ഇയാളില്‍ നിന്ന് മൊഴിയെടുത്തത്.
സ്വര്‍ണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനയേയും എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 19നായിരുന്നു ഇവരുടെ അറസ്റ്റ് നടന്നത്. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളിയില്‍ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ചായിരുന്നു. മുംബൈയില്‍ നിന്നുള്ള വിദഗ്ധനെ എത്തിച്ചായിരുന്നു സ്വര്‍ണം വേര്‍തിരിച്ചത്.
സ്വർണ്ണ കൊള്ളയിൽ പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ധനന്റെയും പങ്ക് വ്യക്തമായതോടെയായിരുന്നു എസ്ഐടി ഇവരുടെ അറസ്റ്റിലേക്ക് കടന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഈ ഡിയും അന്വേഷണം നടത്തുന്നുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇ ഡി അന്വേഷണത്തിലേക്ക് എത്തിയത്.
ഇപ്പോൾ ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിക്കുകയാണ് സിബിഐ. കേരളാ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. സ്വർണത്തിൻ്റെ കാലപഴക്കം നിർണയിക്കുന്നതിനുള്ള എഫ് എസ് എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
ശബരിമലയിലെ സ്വർണപ്പാളി കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുമുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.













