1500 രൂപയുടെ കൂപ്പൺ, ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ; ”വീടും കാറും നറുക്കെടുപ്പ്” പ്ലാൻ ചെയ്ത ബെന്നി തോമസ് അതിബുദ്ധിമാൻ
കഴിഞ്ഞ ദിവസം നടന്ന ഒരു അറസ്റ്റും, അതിന് പിന്നിലെ ചില കള്ളക്കളികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കടംവീട്ടാനും ഭാര്യയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനും വീടും സ്ഥലവും വാഹനങ്ങളും സമ്മാനങ്ങളായി പ്രഖ്യാപിച്ച് കൂപ്പണുകൾ അടിച്ച് വിറ്റ ബെന്നി തോമസിനെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് കുറച്ച് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബെന്നിയെ റിമാൻഡ് ചെയ്തു. നറുക്കെടുപ്പിനായി സൂക്ഷിച്ച കൂപ്പണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെന്നി വിദേശത്ത് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതിനാണ് വായ്പ എടുത്തിരുന്നത്. കോവിഡ് വന്നതോടെ വ്യാപാരം തകർന്നു, സ്ഥാപനം നഷ്ടപ്പെട്ടു. ഇതിനിടെ ഭാര്യയ്ക്ക് കാൻസർ ബാധിച്ചു. വായ്പ തിരിച്ചടയ്ക്കാനും ഭാര്യയുടെ ചികിത്സയ്ക്ക് വഴി കണ്ടെത്തുന്നതിനും പല വഴികളും നോക്കിയിട്ടും ഒന്നും നടന്നില്ല. അങ്ങനെയാണ് ഈ നറുക്കെടുപ്പ് പ്ലാൻ ചെയ്യുന്നത്.
കഴിഞ്ഞ മാർച്ചിലാണ് 1500 രൂപയുടെ കൂപ്പണുകളുടെ വിൽപന ആരംഭിച്ചത്. 10000 കൂപ്പണുകൾ അച്ചടിച്ചു. ഒന്നാം സമ്മാനം 3300 ചതുരശ്ര അടി വീടും 26 സെന്റ് സ്ഥലവും.
രണ്ടും മൂന്നും സമ്മാനം യൂസ്ഡ് കാറുകൾ, നാലാം സമ്മാനമായി പുതിയ ഒരു ബുള്ളറ്റും നൽകുമെന്നാണ് പറഞ്ഞത്. മേയ് 25ന് നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചതെങ്കിലും കൂപ്പണുകൾ പ്രതീക്ഷിച്ചതുപോലെ വിൽക്കാൻ കഴിയാത്തതിനാൽ തീയതി നീട്ടി. പിന്നീട് മാനന്തവാടി രൂപതയുടെ സഹായത്തോടെ കൂപ്പണുകൾ വിൽക്കുകയായിരുന്നു.
ഇപ്പോൾ കൃത്യമായി നറുക്കെടുപ്പ് നടക്കേണ്ട ദിവസം തന്നെ പോലീസ് എത്തിയതും അറസ്റ്റ് നടന്നതും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ഇത്രയും വലിയ സമ്മാനങ്ങള്‍ വെറും 1500 രൂപ മുടക്കിയാൽ കിട്ടുമെന്ന ചിന്തയിൽ ആളുകൾ കൂപ്പണുകൾ വാങ്ങിക്കൂട്ടി. ലക്ഷക്കണക്കിന് രൂപയുടെ കൂപ്പണുകളാണ് വിറ്റഴിഞ്ഞത്. 80 ശതമാനം കൂപ്പണുകള്‍ വിറ്റുതീർന്നാല്‍ ഉടൻ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
ശനിയാഴ്ച നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കെ, തലേന്ന് രാവിലെ തന്നെ പോലീസ് സ്ഥലത്തെത്തി ബെന്നിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് നടപടിയെന്ന് പറയുമ്ബോഴും ഇതിന് പിന്നില്‍ ബെന്നിയുടെ തന്നെ കുബുദ്ധിയാണെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന വിമർശനം.
പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പരസ്യം ചെയ്താണ് ബെന്നി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത്. ഈ പരസ്യങ്ങള്‍ ലോട്ടറി വകുപ്പിൻ്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നതിലും ദുരൂഹതയുണ്ട്.
എന്തായാലും കൂപ്പണ്‍ വിറ്റുകിട്ടിയ തുക കൊണ്ട് ബെന്നിയുടെ കടബാധ്യതകള്‍ തീർക്കാനും ചികിത്സയ്ക്കുള്ള തുക കണ്ടെത്താനും സാധിച്ചു. കൂടാതെ നല്ലൊരു തുക മിച്ചം വരികയും ചെയ്തു.അറസ്റ്റ് നടന്നതോടെ നറുക്കെടുപ്പ് മുടങ്ങിയിരിക്കുകയൊന്ന്. ഇതോടെ വാഗ്ദാനം ചെയ്ത ആഡംബര വീടും സ്ഥലവും വാഹനങ്ങളും ബെന്നിയുടെ കൈവശം തന്നെ സുരക്ഷിതമായി ഇരിക്കുകയും ചെയ്തു.
വെറും 1500 രൂപ നഷ്ടപ്പെട്ട ഒരാള്‍ ഈ തുകയ്ക്ക് വേണ്ടി ദൂരസ്ഥലങ്ങളില്‍ നിന്ന് കേസ് നടത്താൻ വരില്ലെന്ന വിശ്വാസമാണ് ഇത്തരമൊരമൊരു സുരക്ഷിത പ്ലാൻ നടപ്പാക്കാൻ ബെന്നിക്ക് പ്രേരണയായതെന്ന് പറയപ്പെടുന്നു. മിച്ചം വന്ന പണത്തില്‍ നിന്നും കുറഞ്ഞ തുക ചെലവാക്കി കേസ് നടത്താമെന്നും അയാള്‍ കരുതിയിട്ടുണ്ടാകാം.
പത്ത് കൂപ്പൺ എടുത്ത ഒരാൾ പോലും ഈ കേസിന്റെ പുറകെ പോയാൽ അതിൽ കൂടുതൽ ചിലവാകും.. സംഗതി കൂപ്പൺ കേസ് അനധികൃതമായത് കൊണ്ട് കേസ് കൊടുക്കാനും പ്രശ്നമാണ്. പിന്നെയുള്ളത് ഒരു മാസ് പെറ്റിഷനാണ്. അതിലും ഒരു ഐക്യം ഉണ്ടാകാൻ ഇടയില്ല.
ഇപ്പോൾ ബെന്നി തോമസ് നേരിടുന്ന കേസ് കേരള ലോട്ടറി ആക്ടിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നുള്ളത് മാത്രമാണ്. ഇയാളുടെ വസ്തുവിൽ അറ്റാച്ചുമെന്റ് വന്നില്ലെങ്കിൽ അയാൾ സേഫ് ആണ്. ആറു മാസമോ ഒരു വർഷമോ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടി വരും എന്നേയുള്ളൂ.
ഇതുപോലെ നറുക്കെടുപ്പ് നടത്തി പണം തട്ടുന്ന ഒരുപാട് പേരുണ്ട്. പലപ്പോളും ഇതിൽ സമ്മാനം ലഭിക്കുന്നത് ഇവരുടെ തന്നെ ആളുകൾക്ക് ആയിരിക്കും. ഇതൊക്കെ പ്രമോട് ചെയ്യാനും കുറെ ഓൺലൈൻ സെലിബ്രിട്ടീസ് ഈ നാട്ടിൽ ഉണ്ട്. വ്യക്തിപരമായി ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് ചെറിയ തുക ആയിരിക്കും. അതുകൊണ്ടാണ് കേസിന് പുറകെ ആളുകൾ പോകാത്തത്. അത് മനസ്സിലാക്ക്കി തന്നെയാണ് ബുദ്ധിയുള്ള തട്ടിപ്പുകാർ ഈ കൂപ്പൺ പരിപാടിയുമായി ഇറങ്ങുന്നത്.












