ഞാൻ കള്ളനല്ല, ഇനിയും ചോദ്യം ചെയ്താൽ ചാവാനും മടിക്കില്ലെന്ന് ഡി മണി; ശബരിമല സ്വർണക്കേസിൽ പിടിമുറുക്കി അന്വേഷണസംഘം
ശബരിമല സ്വർണക്കൊള്ള കേസിൽ ഡിണ്ടിഗലിൽ വെച്ച് എസ്ഐടി ചോദ്യം ചെയ്തത് യഥാർഥ ഡി.മണിയെ തന്നെയെന്ന് ഉറപ്പായിരിക്കുകയാണ്. ഡി.മണിയുടെ യഥാർഥ പേരാണ് എം.സുബ്രഹ്മണ്യം. അതിന്റെ ചുരുക്കപ്പേരാണ് എം.എസ് മണിയെന്നും അന്വേഷണ സംഘം ഉറപ്പിച്ചു. പോറ്റിയും മണിയുടെ സഹായി ശ്രീകൃഷ്ണനും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
താൻ ഡി.മണി അല്ലെന്ന ഡിണ്ടിഗൽ സ്വദേശി സുബ്രഹ്മണ്യത്തിന്റെ വാദം കേസിനെ വഴിതെറ്റിക്കാനാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഡി.മണിയുടെ സംഘവും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചനകൾ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളി വിവരങ്ങളിൽ ഡി.മണിയുടെ സഹായി ശ്രീകൃഷ്ണന്റെ നമ്പർ വന്നതാണ് സംശയത്തിന്റെ അടിസ്ഥാനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം. ഇതിനായി ഡി.മണിയെയും, സഹായി ശ്രീകൃഷ്ണനേയും എസ്ഐടി വിശദമായി ചോദ്യം ചെയ്യും.
ഡി.മണി ഈ മാസം 30ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകുമെന്ന് അറിയിച്ചിരുന്നു. ശ്രീകൃഷ്ണനെയും തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യാനായിരിക്കും എസ്ഐടിയുടെ നീക്കം. ബാലമുരുകനെന്നത് ഡി.മണിയുടെ സുഹൃത്താണന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാലമുരുകനെ ഇന്ന് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
എന്നാൽ ഇപ്പോൾ താൻ ജീവൻ ഒടുക്കുമെന്ന് ഭീഷണി മുഴക്കുകയാണ് സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു.
‘എസ്ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. എല്ലാ സ്വത്തുക്കളും നിയമ വിധേയമാണെന്നും മണി ആവര്‍ത്തിച്ചു പറഞ്ഞു. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല’ എന്നും ഡി മണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞിരുന്നു. ഡി മണിയുടെ ആദ്യ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. എസ്ഐടി സംഘം ഇയാളെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന് പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായി നൽകിയ മൊഴി. ഈ കച്ചവടത്തിൽ, ശബരിമലയിലെ ഒരു ഉന്നതന് പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.
എന്നാൽ ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിൽ വലിയ ദുരൂഹത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ ബിസിനസുകളിലേക്ക് വളർന്നു. ഒരിക്കൽ സിനിമാ തിയേറ്ററില്‍ കാന്റീന് നടത്തി പോപ്കോണ്‍ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഉള്‍പ്പെടെ എസ്ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.











