സണ്ണി ലിയോൺ ഇവിടെ വരേണ്ട, അഴിഞ്ഞാട്ടം നടത്താൻ ഞങ്ങളുണ്ട്; ഫലാഹാരി സന്യാസിയുടെ പരാതിയിൽ പ്രോഗ്രാം ക്യാൻസൽ ചെയ്ത് ബാർ ഉടമകൾ
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ബാറിലെ പുതുവത്സരാ ആഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. ഒരു സന്യാസി ജില്ലാ മജിസ്ട്രേറ്റിന് നല്കിയ പരാതിക്ക് പിന്നാലെ ബാര്‍ ഉടമകള്‍ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മഥുരയിലെ ബാറില്‍ നടക്കുന്ന പരിപാടിയിലായിരുന്നു സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്നത്. ജനുവരി ഒന്നിന് ബാറില്‍ നടക്കുന്ന ഡിജെയില്‍ താനുമുണ്ടാകുമെന്ന് സണ്ണി ലിയോണ്‍ പറയുന്ന പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. അതിന് ശേഷമാണ് മഥുര ഒരു പുണ്യഭൂമിയാണെന്ന് പറഞ്ഞാണ് സന്യാസിസമൂഹം പരാതിയുമായി രംഗത്ത് വന്നത്. സണ്ണി ലിയോണ്‍ മുമ്പ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചയാളാണെന്ന് സന്യാസി പരാതിയില്‍ പറയുന്നത്.
‘രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നു. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലയാളുകള്‍ ഗൂഡാലോചന നടത്തുന്നു. ഇത്തരം പരിപാടികള്‍ നടത്തി മതവിരുദ്ധ വികാരം ഉണര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ പുണ്യ ഭൂമിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും’, എന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ ബാര്‍ ഹോട്ടല്‍ തന്നെ പരിപാടി റദ്ദാക്കുകയായിരുന്നു. ‘ആദരണീയരായ സന്യാസിമാരെ ബഹുമാനിക്കുന്നതിനാല്‍ ജനുവരി ഒന്നിന് സണ്ണി ലിയോണ്‍ വരുന്ന പരിപാടി റദ്ദാക്കുന്നു’, എന്നായിരുന്നു ബാര്‍ ഉടമകള്‍ അറിയിച്ചത്. മഥുരയിലെ സ്വകാര്യ ഹോട്ടലുകളായ ലളിത ഗ്രാന്‍ഡ്, ദി ട്രക്ക് എന്നിവിടങ്ങളിലായിരുന്നു സണ്ണി ലിയോണിയുടെ ഡിജെ ഷോ നടക്കേണ്ടിയിരുന്നത്.
പരിപാടിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ‘ശ്രീക്യഷ്ണ ജന്മഭൂമി മുക്തി നിര്മ്മാണ് ട്രസ്റ്റ്’ ഭാരവാഹിയും പുരോഹിതനുമായ ദിനേശ് ഫലാഹാരി മഹാരാജ് ആണ് മഥുര ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചത്. കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഡിജെ ഷോ റദ്ദാക്കുകയായിരുന്നു
പുതുവത്സരാഘോഷ പരിപാടി അശ്ലീലവും അസഭ്യവും നിറഞ്ഞതാണെന്നും മഥുരയിലേക്ക് സണ്ണി ലിയോണിയുടെ പ്രവേശനം വിലക്കണമെന്നും സന്യാസിമാർ കൂട്ടത്തോടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നഗ്നസന്യാസിമാർ പേക്കൂത്ത് നടത്തുന്ന മധുരയിൽ സണ്ണി ലിയോൺ വരാൻ പാടില്ലെന്ന് പറയുന്നതിലെ ലോജിക് മനസ്സിലാകുന്നില്ല. അവർ അമ്പലത്തിൽ ഒന്നുമല്ല വരുന്നത് ബാറിലും ഹോട്ടലിലുമാണ് ന്യൂ ഇയർ പരിപാടി നടത്തുന്നത്.
അതേപോലെ ഈ പരാതി കൊടുത്ത ആളുടെ പേര് ശ്രദ്ധിച്ചപ്പോളാണ് കുറച്ച്വര്ഷങ്ങള്ക്ക് മുന്നേ നടന്ന ഒരു ബലാൽസംഗ കേസിലെ പ്രതിയെ കുറിച്ച് ഓർക്കുന്നത്. ദിനേശ് ഫലാഹാരി മഹാരാജ് ആണ് സണ്ണി ലിയോൺ വരുന്നത് തടയാൻ പരാതി നൽകിയത്. പഴങ്ങൾ മാത്രം കഴിച്ച് ജീവിക്കുന്ന സന്യാസിമാരെയാണ് പൊതുവിൽ ഫലാഹാരി എന്ന് വിളിക്കുന്നത്.
രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയിരുന്നു കൗശലേന്ദ്ര പ്രപന്നാചാര്യ ഫലഹരി മഹാരാജ്. അദ്ദേഹത്തെയാണ് 21 വയസ്സുകാരിയെ സ്വന്തം ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ ഫലാഹാരി സന്യാസിയുടെ യുടെ ശുപാർശയിൽ യുവതിക്ക് ഡൽഹിയിൽ ഒരു മുതിർന്ന അഭിഭാഷകന്റെ സ്ഥാപനത്തിൽ പരിശീലനത്തിന് അവസരം ലഭിച്ചു. അതിനുകിട്ടിയ ആദ്യപ്രതിഫലമായ മൂവായിരം രൂപ ആശ്രമത്തിന് നൽകാനാണ് യുവതി എത്തിയത്. എന്നാൽ, ഗ്രഹണദിവസമായ അന്ന് ആർക്കും ദർശനം നൽകില്ലെന്നറിയിച്ച ‘ബാബ’ യുവതിയെ അന്നവിടെ താമസിക്കാൻ നിർബന്ധിച്ചു. തുടർന്ന് രാത്രി യുവതിയെ ഇയാൾ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗംചെയ്യുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
എന്നാൽ അന്ന് പേടിച്ച് പോയ യുവതി സംഭവം പുറത്ത് പറയാൻ തയ്യാറായില്ല. ഒടുവിൽ ഗുർമീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കുറ്റത്തിന് കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് യുവതി സംഭവം പുറത്തുപറയാൻ തയ്യാറായത്. അങ്ങനെയാണ് 70 വയസ്സുള്ള ഫലാഹാരി സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തത്.












