ഉത്തർപ്രദേശിൽ ടെമ്പോ ഓടിച്ച് നടന്നയാൾക്ക് ഇന്ന് സ്വന്തം വിമാനക്കമ്പനി; ശംഖ് എയർലൈൻസ് ഉടമയായ ശ്രാവൺകുമാർ വിശ്വകർമ
പതിനഞ്ച് വർഷങ്ങൾക് മുന്നേ ഒരു ടെമ്പോ ഡ്രൈവറായിരുന്നു ശ്രാവൺകുമാർ വിശ്വകർമ്മ. ഇന്ന് അദ്ദേഹത്തിന് ഏതാണ്ട് നാനൂറോളം ട്രക്കുകൾ സ്വന്തമായുണ്ട്. എന്നാൽ അതിലും സവിശേഷമായ കാര്യം എന്തെന്നാൽ ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ശംഖ് എയർലൈൻ കമ്പനിയുടെ ഉടമയും ശ്രാവൺ കുമാർ ആണെന്നതാണ്.
ഇന്ത്യൻ ആകാശത്ത് ശംഖ് എയർലൈൻസ് പറന്നുയരാൻ ഒരുങ്ങുകയാണ്. ഈ മാസം പകുതിയോടെ വിമാനം പറന്നു തുടങ്ങുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ ഒരു വിമാനം ആകാശത്ത് പറക്കുമ്പോൾ, ശ്രാവൺ കുമാർ വിശ്വകർമ എന്ന 35-കാരന്റെ വിജയഗാഥ കൂടിയാണ് ഉയർന്ന കാണുന്നത്.
കേരളം ആസ്ഥാനമായുള്ള അൽഹിന്ദ്, ഫ്ലൈ എക്സ്പ്രസ് എന്നിവയ്ക്ക് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള ശംഖ് എയർ എന്നീ മൂന്ന് കമ്പനികൾക്കാണ് സർക്കാർ എൻഒസി നൽകിയത്. ഇൻഡിഗോയുടെ സർവീസുകൾ താളം തെറ്റിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നിർണായക നീക്കം ഉണ്ടാകുന്നത്.
ഇടത്തരം കുടുംബത്തിലായിരുന്നു ശ്രാവൺ കുമാറിന്റെ ജനനം. ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. ഓട്ടോ, ടെമ്പോ ഡ്രൈവറായി ജോലി ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ചെറുപ്രായത്തിൽ തന്നെ പല ബിസിനസുകളും നോക്കിയെങ്കിലും എല്ലാം പൂട്ടിപ്പോയി.
എന്നാൽ 2014 ൽ തുടങ്ങിയ സിമന്റ് ബിസിനസ് ആണ് ശ്രാവൺ കുമാറിന്റെ ജീവിതം മാറ്റി മറിക്കുന്നത്. ബിസിനസ് പച്ചപിടിച്ചതോടെ കൂടുതൽ ടെമ്പോകളും ലോറികളും അദ്ദേഹം വാങ്ങുകയായിരുന്നു. പിന്നീട് ടിഎംടി സ്റ്റീൽ, ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം അദ്ദേഹം വ്യാപിപ്പിച്ചു. ഇപ്പോൾ ആകാശത്തേക്കും തന്റെ സാമ്രാജ്യം വികസിപ്പിക്കുകയാണ് ശ്രാവൺ കുമാർ.
ഈ മാസം പകുതിയോടെ സർവീസ് തുടങ്ങാനാണ് ശംഖ് എയറിന്റെ തീരുമാനം. മൂന്ന് എയർബസ് വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ലക്നൗവിൽ നിന്നായിരിക്കും ശംഖ് എയർ സർവീസ് നടത്തുക. ആദ്യം ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം സർവീസ് നടത്തും. പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. 2028-29 ഓടെ അന്താരാഷ്ട്ര സർവീസും ആരംഭിക്കാനാണ് പദ്ധതി എന്ന് ശ്രാവൺ കുമാർ വിശ്വകർമ പറയുന്നു.
നാലു വർഷം മുമ്പാണ് വിമാനക്കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. നടപടിക്രമങ്ങൾ മനസ്സിലാക്കി പണം കണ്ടെത്തി. ഇപ്പോളാണത് യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബസ്, ടെമ്പോ, അല്ലെങ്കിൽ ഓട്ടോ പോലുള്ള ഒരു ഗതാഗത മാർഗം മാത്രമാണ് വിമാനയാത്ര. ഇതിന് പ്രത്യേകതയൊന്നും എടുത്ത് പറയാൻ ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആദ്യം ഇതിന്റെ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എൻഒസി എങ്ങനെ കിട്ടുമെന്ന് കാര്യത്തെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് വ്യോമ ഗതാഗത സംവിധാനം പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് അതിന്റെ നിയമവശങ്ങളെന്നും മനസ്സിലാക്കി. തുടർന്നായിരുന്നു മറ്റുള്ള നടപടിക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സീസൺ അനുസരിച്ച് ഒരിക്കലും തങ്ങൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അദ്ദേഹം പ്രത്യേകം പറയുന്നുമുണ്ട്. എന്നാൽ, ബിസിനസ് ക്ലാസ് നിരക്കുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് അൽപം കൂടുതൽ ആയിരിക്കുമെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
പണക്കാർക്കു മാത്രമുള്ളതാണ് വിമാനയാത്ര എന്ന സങ്കല്പത്തെ തകർക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രാവൺ പറയുന്നു. കൂടാതെ പഴയ ചില എയർലൈനുകളെയും ചില സ്റ്റാർട്ടപ്പുകളെയും ഏറ്റെടുക്കാനും തങ്ങൾക്ക് ലക്ഷ്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.













