ബിസിസിഐ മുൻ പ്രസിഡന്റ് ഐ എസ് ബിന്ദ്ര അന്തരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര (ഐ എസ് ബിന്ദ്ര ) അന്തരിച്ചു. 84 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.
1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽവെച്ച് നടത്തുന്നതിൽ ജഗ്മോഹൻ ഡാൽമിയ, എൻകെപി സാൽവേ എന്നിവർക്കൊപ്പം ബിന്ദ്ര പ്രധാന പങ്കുവഹിച്ചു. ശരദ് പവാർ ഐസിസി പ്രസിഡന്റായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാന ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ സംപ്രേഷണത്തിലും സുപ്രധാനമായ പങ്കുവഹിച്ചത് ബിന്ദ്രയാണ്. ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകർത്താവും എന്നനിലയിൽ ആദരസൂചകമായി മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 2015-ൽ ‘ഐഎസ് ബിന്ദ്ര സ്റ്റേഡിയം’ എന്ന് പേരു നൽകി രാജ്യം ആദരിച്ചിരുന്നു.













