നജ്ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു; ആരോപണവുമായി ആലപ്പുഴ പൊലീസ് ക്വര്‍ട്ടേഴ്സില്‍ മരിച്ച അമ്മയുടെ സഹോദരി
ആലപ്പുഴ എ ആര് ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ മരിച്ച നജ്ലയുടെ സഹോദരി. നജ്ലയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരി നഫ്ല ആരോപിച്ചു. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് റെനീസും നജ്ലയും വഴക്കിട്ടിരുന്നെന്നും സഹോദരി നഫ്ല പറഞ്ഞു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്ല പറഞ്ഞു.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി പി ഒ റെനീസിന്റെ ഭാര്യ നജ്ല (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നേകാല്‍) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നജ്ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂത്തമകന് ടിപ്പു സുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയ കുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഇവരുടെ വീട്ടില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്നം ഒത്തു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ വീണ്ടും വഴക്ക് തുടര്‍ന്നു. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlight: Rameez tortured Najala physically and mentally, alleges family.