സർവീസിന് തയ്യാറെടുത്ത് ഇത്തിഹാദ് റെയിൽ; ആദ്യ സ്റ്റേഷന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു
സര്വീസിന് തയ്യാറാകുന്ന ഇത്തിഹാദ് റെയിലിൻറെ ആദ്യ പാസഞ്ചര് സ്റ്റേഷന് അനാശ്ചാദനം ചെയ്തു. ഫുജൈറയില് തയ്യാറാക്കിയ സ്റ്റേഷന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇത്തിഹാദ് റെയില് അധികൃതര് പുറത്തുവിട്ടത്. റോബോട്ട് ഗൈഡുകളുള്ള യുഎഇയിലെ ആദ്യത്തെ ഇത്തിഹാദ് റെയില് സ്റ്റേഷനാണിത്.
യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില് പാസഞ്ചര് സര്വീസ് ഈ വര്ഷം സര്വീസ് ആരംഭിക്കുന്നതിനുള്ള അവസാനവട്ട പ്രവര്ത്തനങ്ങളാണ് ഇപ്പോള് പുരോഗമിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫുജൈറയിലെ ആദ്യ സ്റ്റേഷന്റെ വിഡിയോയും ചിത്രങ്ങളും സൗകര്യങ്ങളുടെ വിശദാംശങ്ങളും അധികൃതര് പുറത്തുവിട്ടത്.
പാസഞ്ചര് ട്രെയിന് പദ്ധതിയുടെ പുരോഗതി, സര്വീസുകളുടെ ഘട്ടം ഘട്ടമായുള്ള ഓപറേഷന് എന്നിവയും സമൂഹമാധ്യമത്തില് പങ്കുവച്ച വീഡിയോയില് വിശദീകരിക്കുന്നു. യുഎഇ സുപ്രീം കൗണ്സില് അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന് മുഹമ്മദ് അല് ഷര്ഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് ഹമദ് അല് ഷര്ഖി, ഇത്തിഹാദ് റെയില് ചെയര്മാന് ഷെയ്ഖ് തിയാബ് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് എന്നിവര് സ്റ്റേഷന് സന്ദര്ശിച്ചു. ഫുജൈറയില് നിന്ന് ബത്ന വരെ പാസഞ്ചര് ട്രെയിനില് ഭരണാധികാരികള് യാത്ര ചെയ്യുകയും ചെയ്തു.
റോബോട്ട് ഗൈഡുകളുള്ള യുഎഇയിലെ ആദ്യത്തെ ഇത്തിഹാദ് റെയില് സ്റ്റേഷനാണിത്. റോബോട്ടുകള് യാത്രക്കാരെ സ്വാഗതം ചെയ്യുകയും വിവരങ്ങള് നല്കുകയും ചെയ്യും. ആകര്ഷകവും നൂതനവുമായ ഇന്റീരിയര് ഡിസൈനാണ് സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത. വിശാലമായ ഗ്ലാസ് പാനലുകളും മോഡേണ് ഫിനിഷുകളും എല്ഇഡി ലൈറ്റുകളാലും ആകര്ഷകമാണ് സ്റ്റേഷന്റെ അകഭാഗം.










