പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയും മക്കളും മരിച്ച സംഭവം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ആലപ്പുഴ എ ആര് ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച്ചയാണ് ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ നജ്ല (27) ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂത്തമകന് ടിപ്പു സുല്‍ത്താന്റെ (5) കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയ കുട്ടി മലാലയെ (ഒന്നേകാല്‍) ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മരിച്ച നജ്ലയുടെ സഹോദരി നഫ്ല കഴിഞ്ഞ ദിവസം റെനീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. നജ്ലയെ റെനീസ് മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും നഫ്ല ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് റെനീസും നജ്ലയും വഴക്കിട്ടിരുന്നു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ലെന്നും സഹോദരിയുടേയും മക്കളുടേയും മരണത്തിന് ഉത്തരവാദി റെനീസ് ആണെന്നും നഫ്ല പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight: Police officer arrested in the death of wife and kids at Alappuzha police quarters.