സോളാര്‍ കേസ്; ഡി.വൈ.എഫ്.ഐക്കെതിരായ മാന നഷ്ടക്കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈബി ഈഡന് മാപ്പ് പറയണം; ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐക്കെതിരെ ഹൈബി ഈഡന് എംപി നല്കിയ മാനനഷ്ടക്കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ സംഘടനയ്ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഹൈബി ഈഡന് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു നല്കിയ കേസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈബി ഈഡന് മാപ്പ് പറയണമെന്ന ആവശ്യമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
2015 ഏപ്രില്‍ ഇരുപത്തേഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഗരത്തില്‍ ഡിവൈഎഫ്ഐ ഭാരവാഹികള്‍ പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും പതിച്ച് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന് കേസ് ഫയല്‍ ചെയ്തു. ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക്, എറണാകുളം നോര്‍ത്ത് മേഖലാ എന്നീ കമ്മിറ്റികള്‍ക്കും ഭാരവാഹികളായ ആര് നിഷാദ് ബാബു, യു എ സലാം എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തത്.
എന്നാല്‍ ഹൈബി ഈഡനും സാക്ഷികളും നല്കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസ് തള്ളുകയായിരുന്നു. പരാതിയില്‍ പറയുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രിന്റ് ചെയ്തതിനും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും തെളിവില്ലെന്നും ഭാവനയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. ഈ സാഹചര്യത്തിലാണ് ഹൈബി ഈഡന് മാപ്പ് പറയണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കിയത്.
Content Highlight – Court dismisses the defamation case filed by Hibi Eden MP against DYFI