കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടി; ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന് കെവി തോമസ്
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി വിവരം ലഭിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെവി തോമസ് . കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ സുധാകരന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കെവി തോമസ് പങ്കെടുത്തതിനാണ് നടപടിയെന്ന് കെ സുധാകരന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഫോണില്‍ വിളിച്ച് സസ്പെന്‍ഡ് ചെയ്തെന്ന വാദം തെറ്റാണെന്ന് കെവി തോമസ് അറിയിച്ചു. തന്നെ ആരും ഫോണില്‍ വിളിച്ചില്ലെന്നും മറ്റേതെങ്കിലും കെവി തോമസിനെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
താൻ ഒരു പാർട്ടിയുടെയും ആളല്ല. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. തന്റെ പാര്‍ട്ടി അംഗത്വം മാത്രമേ അവര്‍ക്ക് മാറ്റാന്‍ സാധിക്കുകയുള്ളു എന്നും കോണ്‍ഗ്രസ് കാഴ്ചപ്പാടില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്നും കെവി തോമസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന് ജോ ജോസഫിനു വോട്ട് ചോദിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കെവി തോമസ് അറിയിച്ചു.
Content Highlight – KV Thomas said he had not received any official information that he had been expelled from Congress