ദിലീപ് കേസ്: തന്റെ കുടുംബാംഗങ്ങളെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിൽ കോടതിയ്ക്ക് അതൃപ്തി
നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്റെ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ വിചാരണക്കോടതിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവരുന്ന വാർത്തകളിൽ സ്വന്തം കുടുംബാംഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് തുറന്ന കോടതിയിൽ തന്നെ പ്രകടിപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഈ പരാമർശം നടത്തിയത്.
‘‘കോടതിയുടെ പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.’’ വാദങ്ങൾക്കിടയിൽ ഒരുഘട്ടത്തിൽ വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ഇങ്ങനെ പ്രതികരിച്ചു.
അതേസമയം, വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.
വിചാരണക്കോടതി ജഡ്ജിയുടെ ഭർത്താവ് മറ്റൊരു കസ്റ്റഡിമരണക്കേസിലുൾപ്പെട്ടതുമായി ബന്ധപ്പെട്ട സംഭാഷണം ദിലീപിന്റെ ഫോണിലുണ്ടായിരുന്നതായി റിപ്പോർട്ടർ ചാനൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനനീതിയെന്ന സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തയച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരുൾപ്പെടുന്ന സംഘടനയാണ് ജനനീതി.
ജഡ്ജിയെ മാറ്റിയില്ലെങ്കിൽ മറ്റൊരു കോടതിയിലേക്ക് കേസിന്റെ നടപടി മാറ്റണമെന്നും വിചാരണ കോടതി ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇരയായ നടിക്ക് കനത്ത മാനസിക പീഡനമാണ് വിചാരണ കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
ലൈംഗിക പീഡന കേസുകളിലെ വിചാരണ സംബന്ധിച്ച് സുപ്രീം കോടതി 2021ല്‍ പുറപ്പടുവിച്ച മാര്‍ഗരേഖ ലംഘിക്കപ്പെട്ടതായും കത്തില്‍ ആരോപിച്ചിട്ടുണ്ട്. മുൻപ് പ്രോസിക്യൂഷനും സമാനമായ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
Content Highlight – Dileep case: Court dissatisfied with dragging his family members into controversy