ജയനാശാന് വീണ്ടും സര്‍വീസില്‍; വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവറെ തിരിച്ചെടുത്തു
കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിന് സസ്പെന്‍ഷനിലായിരുന്ന ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ ജോലിയില്‍ തിരിച്ചെടുത്തു. ഗുരുവായൂര്‍ ഡിപ്പോയിലാണ് നിയമനം നല്‍കിയിരിക്കുന്നത്. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ജയനാശാന് എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ജയദീപ് സെബാസ്റ്റ്യനെ സര്‍വീസില്‍ തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടില്‍ ബസ് ഇറക്കി ജയനാശാന് വിവാദത്തിലായത്.
വെള്ളക്കെട്ടിന് നടുവില്‍ എന്ജിന് ഓഫായ ബസ് പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു. യാത്രക്കാര്‍ക്ക് അപായകരമാകുന്ന തരത്തില്‍ വാഹനമോടിച്ചതിനും വെള്ളക്കെട്ടിലിറക്കി ബസിന് കേടുപാടുകള്‍ വരുത്തിയതിനുമാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കെഎസ്ആര്‍ടിസി നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കുകയും ചെയ്തിരുന്നു.
5,33,000 രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പില്‍ കേസ് എടുത്തതോടെ ഒളിവില്‍ പോയ ജയനാശാന് പിന്നീട് കോടതി ജാമ്യം നല്‍കിയതിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. സസ്പെന്ഷന് പിന്നാലെ ജയദീപ് സെബാസ്റ്റ്യന്‍ കെഎസ്ആര്‍ടിസിക്കും ഗതാഗതമന്ത്രിക്കുമെതിരെ സോഷ്യല്‍ മീഡിയ ലൈവില്‍ പ്രതികരിച്ചതും വിവാദമായിരുന്നു.
Content Highlight: KSRTC driver Jayadeep Sebastian reinstated in service