മിന്നൽപ്രളയവും മണ്ണിടിച്ചിലും: അസമിൽ ഏഴുമരണം; 20 ജില്ലകളിലായി രണ്ടുലക്ഷം പ്രളയബാധിതർ
കാലം തെറ്റിയെത്തിയ മൺസൂൺ മഴക്കെടുതിയിൽ മുങ്ങി അസം. അസമിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലുകളിലും ഇതുവരെ ഏഴുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 20 ജില്ലകളിലായി രണ്ടു ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചത്. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമം തുടരുകയാണ്.
ബ്രഹ്മപുത്ര നദി അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെതന്നെ ഏറ്റവുമധികം ജലൗഘം വഹിക്കുന്ന നദിയാണ് ബ്രഹ്മപുത്ര. കൊപിലി നദിയും കരകവിഞ്ഞൊഴുകുന്നുണ്ട്.
വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും റോഡുകളും പാലങ്ങളും റെയില്‍വേ പാളങ്ങളും ഒലിച്ചു പോയിട്ടുണ്ട്. 811 ഗ്രാമങ്ങളിലായി 6540 വീടുകൾ മുഴുവനായോ ഭാഗികമായോ തകർന്നിട്ടുണ്ട്. 72 ദുരിതാശ്വാസ ക്യാമ്പുകളിലായി 33,300 പേരെയാണ് പുനരധിവസിപ്പിക്കേണ്ടിവന്നത്. ദിമ ഹസാവോ ജില്ലയിൽ 4പേരും ലഖിംപൂർ ജില്ലയിൽ ഒരാളുമാണ് മണ്ണിടിച്ചിലിൽ മരിച്ചത്. രണ്ടുമരണങ്ങൾ കാചർ ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.
അടുത് മൂന്ന് ദിവസം കൂടി അസമില്‍ അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Content Highlight – Lightning floods and landslides: Seven killed in Assam; Two lakh flood victims in 20 districts