റെയ്ഡ് നടത്തി പേടിപ്പിക്കാൻ ശ്രമിക്കുന്നു;
ഒന്നും കണ്ടെത്തിയില്ലെന്ന് ചിദംബരം
മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായി പി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലുമായി സി ബി ഐ റെയ്ഡിൽ പ്രതികരണവുമായി ചിദംബരം. തന്റെ പേരുൾപ്പെടാത്ത എഫ് ഐ ആറിന്റെ കോപ്പി കാണിച്ചാണ് സി ബി ഐ റെയ്ഡിനെത്തിയത്. വീട്ടിലും ഓഫീസുകളിലും ഒന്നിച്ച് മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും ചിദംബരം ട്വീറ്റ് ചെയ്തു. പരിശോധനകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാറും സി ബി ഐയും റെക്കോർഡിലേക്ക് നീങ്ങുകയാണ് എന്നാണ് കാർത്തി ചിദംബരം പരിഹസിച്ചത്. ചൈനീസ് പൗരന്മാർക്ക് പണം വാങ്ങി വീസ സംഘടിപ്പിച്ചു നൽകിയെന്ന കേസിലാണ് കാർത്തി ചിദംബരം നിലവിൽ അന്വേഷണം നേരിടുന്നത്. സംഭവം നടക്കുന്ന കാലത്ത് പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്നു. വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചു എന്നതുൾപ്പെടെയുള്ള നിരവധി കേസുകളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുകയാണ് കാർത്തിചിദംബരം.
പി ചിദംബരവും കാർത്തി ചിദംബരവും നിരവധി കേസുകളിൽ ഒരേ സമയം അന്വേഷണം നേരിടുന്നെങ്കിലും ഇന്ന് നടന്ന പരിശോധനയിൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധമില്ലെന്നാണ് ഇരുവരും പറയുന്നത്. സി ബി ഐ റെയഡ് രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ തന്നെ കോൺഗ്രസ് ആരോപിച്ചിരുന്നു.
Content Highlight – Chidambaram responds to CBI raid on his home and office