രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന് മോചനം; ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളന് ജയിലിൽ നിന്നും മോചനം. പേരറിവാളന് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്. 30 വര്‍ഷത്തെ തടവിന് ശേഷമാണ് പേരറിവാളന് മോചനം ലഭിക്കുന്നത്. ഉടന്‍ തന്നെ വിട്ടയക്കണമെന്ന് ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന് സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഭരണഘടനയുടെ 142-ആം അനുഛേദം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത്. മാര്‍ച്ച് 9ന് പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
രാജീവ് വധത്തിന്റെ പ്രധാന സൂത്രധാരനായ ശിവരശന് രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കിയെന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബോംബിന് വേണ്ടിയായിരുന്നു ബാറ്ററികള്‍. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളായിരുന്നു സിബിഐ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. അറസ്റ്റിലാകുമ്പോള്‍ 19 വയസ് മാത്രമായിരുന്നു പേരറിവാളന്റെ പ്രായം.