തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 22 ഇടത്ത് എല്‍ഡിഎഫ്, തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപിക്ക് അട്ടിമറി വിജയം
സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ 22 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് 12 സീറ്റുകളും ബിജെപിക്ക് 6 സീറ്റുകളും ലഭിച്ചു. 42 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകളിലെ 2 കോര്പ്പറേഷന്, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
തൃപ്പൂണിത്തറ നഗരസഭയില്‍ ബിജെപിക്ക് അട്ടിമറി വിജയമാണ് ഉണ്ടായത്. എല്‍ഡിഎഫിന്റെ 2 സിറ്റിംങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 11-ാം വാര്‍ഡില്‍ വള്ളി രവി, 46-ാം വാര്‍ഡില്‍ രതി രാജു എന്നിവരാണ് ജയിച്ചത്. തൃപ്പൂണിത്തറയില്‍ 25 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം നടത്തിയിരുന്നത്. ഇത് 23 ആയി കുറഞ്ഞതോടെ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എല്‍ഡിഎഫ് തുടരും. ബിജെപിക്ക് 15 അംഗങ്ങളാണ് ഉണ്ടായിരുന്നത് അത് 17 ആയി ഉയര്‍ന്നു. കൊച്ചി കോര്പറേഷന് 62-ാം ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്.
നെടുമ്പാശ്ശേരി 17-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ജോബി നെല്‍ക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. കണ്ണൂരിലെ 5 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് സീറ്റ് നിലനിര്‍ത്താനായി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഭരണം നിലനിര്‍ത്താനായത് ഇടതുപക്ഷത്തിന് ആശ്വാസകരമാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു.
മലപ്പുറം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഫലം പുറത്ത് വന്നതോടെ രണ്ടിടത്ത് യു.ഡി.എഫിനും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിനും ജയം. ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ യു.ഡി.എഫും ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ യു.ഡി.എഫും വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എല്‍.ഡി.എഫുമാണ് വിജയിച്ചത്.
തൃശ്ശൂര്‍ ജില്ലയില്‍ 6 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. തൃക്കൂര് ആലങ്ങോട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫ് ജയിച്ചു.
Content Highlight – Local by-elections; LDF wins 22 constituencies, BJP in Tripunithura municipality