കെ.സുധാകരന്റെ വിവാദ പരാമര്‍ശം തൃക്കാക്കരയില്‍ ആയുധമാക്കി എല്‍ഡിഎഫ്
മുഖ്യമന്ത്രിക്കെതിരായുള്ള കെ.സുധാകരന്റെ വിവാദ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കി എല്‍ഡിഎഫ്. ഇടത് മുന്നണി നേതാക്കള്‍ വിഷയം സജീവ ചര്‍ച്ചയാക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്ത് വന്നു.
പരാമര്‍ശം പിന്‍വലിച്ചതുകൊണ്ട് തെറ്റായ പ്രവണത മാറില്ലെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ സുധാകരന് മറുപടി നല്‍കുമെന്നും മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരന് മലയാളികളെ ഒന്നാകെ അപമാനിച്ചതാണെന്നും സുധാകരന്റെ നടപടി മനപൂര്‍വ്വമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മഹാന്മാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലിപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റെന്നായിരുന്നു എ.എന്‍ ഷംസീര്‍ പ്രതികരിച്ചു. സുധാകരന് നടത്തുന്ന പ്രസ്താവന കെപിസിസിക്ക് തന്നെ ബാധ്യതയാവുകയാണ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്നും ഷംസീര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ചങ്ങലപൊട്ടിയ നായ കണക്കെ എന്നു വിശേഷിപ്പിച്ച സുധാകരന്റെ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ മുഖ്യമന്ത്രിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയില്ലെന്നും അങ്ങനെ തോന്നുന്നെങ്കില്‍ അത് പിന്‍വലിക്കുകയാണെന്നും സുധാകരന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കണ്ണൂരില്‍ സാധാരണമായ ഒരു പ്രയോഗമാണ് താന്‍ നടത്തിയതെന്ന് സുധാകരന് വിശദീകരിച്ചെങ്കിലും ഇടതുമുന്നണി ഈ വിഷയം തൃക്കാക്കരയില്‍ സജീവമാക്കുകയാണ്.
ഈ വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും സില്‍വര്‍ലൈനും ജാതിപറഞ്ഞ് വോട്ട് ചോദിച്ച വിവാദവും ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സജീവമായി രംഗത്തുണ്ട്. തൃക്കാക്കരപ്പോര് മുറുകുന്നതോടെ പരാമര്‍ശങ്ങളും പ്രസ്താവനകളും പരസ്പരം ആയുധമാക്കുകയാണ് ഇരുമുന്നണികളും.
Content Highlight – LDF uses K Sudhakaran’s controversial remarks against CM in Thrikkakara by-election