കുത്തബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യ രാജാവ്, ഉദ്ദേശ്യം സുര്യ നിരീക്ഷണം; പുതിയ വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ മുന്‍ ഉദ്യോഗസ്ഥന്
കുത്തബ് മിനാര്‍ നിര്‍മിച്ചത് കുത്തുബ്ദീന് അല്‍-ഐബക് അല്ലെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഉദ്യോഗസ്ഥന്. 5-ാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യനാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്ന് മുന്‍ റീജിയണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മ അവകാശപ്പെട്ടു. സൂര്യനെക്കുറിച്ച് പഠിക്കാനാണത്രേ ഈ ഗോപുരം നിര്‍മിച്ചത്.
ഇക്കാര്യം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ശര്‍മ പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു വേണ്ടി കുത്തബ് മിനാര്‍ താന്‍ പല തവണ സര്‍വേ ചെയ്തിട്ടുണ്ട്. മിനാറിന് 25 ഇഞ്ച് ചരിവുണ്ട്. അത് സൂര്യനെക്കുറിച്ച് പഠിക്കാനായി നല്കിയിരിക്കുന്നതാണ്. ജൂണ്‍ 21ന് സൂര്യന് അയനം നടത്തുമ്പോള്‍ ഗോപുരത്തിന്റെ നിഴല്‍ അരമണിക്കൂറോളം ഭൂമിയില്‍ പതിക്കാറില്ലെന്നും ശര്‍മ പറഞ്ഞു.
ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ കുത്തബ് മിനാറിന് സമീപത്തുള്ള മസ്ജിദുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലാകും. കുത്തബ് മിനാറിന്റെ വാതില്‍ വടക്കോട്ടാണ് തുറക്കുന്നത്. രാത്രിയില്‍ ധ്രുവനക്ഷത്രത്തെ കാണുന്നതിനായാണ് ഈ ക്രമീകരണമെന്നും ധരംവീര്‍ ശര്‍മ പറയുന്നു.
കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് പുതിയ വാദമെന്നതാണ് ശ്രദ്ധേയം. കുത്തബ് മിനാറിന് സമീപം ഹനുമാന് ചാലിസ ചൊല്ലിക്കൊണ്ടായിരുന്നു പ്രതിഷേധം.
Content Highlight: Qutub minar was built by raja vikramaditya says ex ASI officer