കെഎസ്ഇബി കെട്ടിടത്തിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു: ഇതരസംസ്ഥാനത്തൊഴിലാളി ഉൾപ്പടെ 2 പേർ അറസ്റ്റിൽ
ആലുവയിൽ കെഎസ്ഇബിയുടെ കെട്ടിടത്തില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. ആലുവയിലെ അതിഥി തൊഴിലാളി ഉള്‍പ്പെടെ രണ്ട് പേരാണ് കസ്റ്റഡിയിലായത്. ഒഡീഷ സ്വദേശി ലല്ലു ദിഗല്‍ (38) കരിങ്കുന്നം വലിയ കോളനി തെക്കേടത്തില്‍ വീട്ടില്‍ സുരേഷ് (കൊച്ചു സുരേഷ് 59) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
റെയില്‍വേ സ്റ്റേഷനു പുറകിലുള്ള കെഎസ്ഇബി കെട്ടിടത്തിലെ ഇലക്ട്രിക് കേബിളുകളാണ് ഇവര്‍ മോഷ്ടിച്ചത്. “സേഫ് ആലുവ”യുടെ ഭാഗമായി പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവരെ ഉളിയന്നൂര്‍ പാലത്തിനടിയില്‍ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ സുരേഷ് അഞ്ച് മോഷണ കേസുകളിലെ പ്രതിയാണ്.
എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍, എസ്.ഐ മാരായ എം.എസ്.ഷെറി, എസ്.സുബൈര്‍, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlight – Defendants arrested for stealing electric wires from KSEB building in Aluva