താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞതുമൂലം ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.ഇന്നു വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കര്‍ ലോറി കനത്ത മഴയ്ക്കിടെ മറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ അടിവാരത്ത് നിന്ന് പൊലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ആറാം വളവിലെത്തിയിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും രംഗത്തുണ്ട്.
ലോറി റോഡിൽ മറിഞ്ഞ് കിടക്കുന്നതിനാൽ ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആദ്യഘട്ടത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. എന്നാൽ ലോറിയില്‍ കയര്‍ കെട്ടി വലിച്ച് റോഡിന്റെ ഒരു ഭാഗത്തേക്ക് മാറ്റിയ ശേഷം വൺവേ അടിസ്ഥാനത്തിൽ വാഹനം കടത്തിവിടുന്നുണ്ട്. എങ്കിലും വൈകുന്നേരമായതിനാല്‍ വിനോദ സഞ്ചാരികളുടെ കാറുകളടക്കമുള്ള വാഹനങ്ങള്‍ എത്തിയത് കാരണം റോഡില്‍ നല്ല തിരക്ക് അനുഭവപ്പെടുകയാണ്.
വാഹനം എത്രയും വേഗം റോഡില്‍ നിന്ന് മാറ്റാനാണ് ശ്രമം തുടരുന്നത്. എന്നാല്‍ കനത്ത മഴ വെല്ലുവിളി ഇതിന് തടസമാകുന്നുണ്ട്. അല്‍പ്പം മുമ്പ് അടിവാരത്ത് നിന്നെത്തിയ ക്രെയിന്‍ ഉപയോഗിച്ച് ലോറി നിവര്‍ത്താനുള്ള ശ്രമം പോലീസും ഫയര്‍ ഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും തുടരുകയാണ്.
Content Highlight – Tanker lorry overturns at Thamarassery pass; Passengers stranded in traffic jams