നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി
നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് വിദേശകാര്യമന്ത്രാലയത്തിന് നല്കിയ അപേക്ഷയിലാണ് നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ വിസയും റദ്ദാകും. നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ വിജയ് ബാബു യുഎഇയില്‍ ഉണ്ടെന്നായിരുന്നു വിവരം. പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം ഇന്ത്യന്‍ എംബസി വഴി യുഎഇയെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.
വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി പോലീസ് ഇന്റര്‍പോളിനെ സമീപിക്കുകയും ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാളുടെ മേല്‍വിലാസം കണ്ടെത്തിയാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാകും. റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഇയാളെ കണ്ടെത്തി ഇന്ത്യയിലേക്ക് അയക്കാന്‍ ഒളിവിലിരിക്കുന്ന രാജ്യത്തെ പോലീസ് നിര്‍ബന്ധിതരാകും.
വിജയ് ബാബു യുഎഇയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. പ്രതികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയുമായി കരാറില്ലാത്ത ഏതെങ്കിലും രാജ്യത്തേക്കായിരിക്കും ഇയാള്‍ കടന്നിരിക്കുകയെന്നാണ് വിവരം. നേരിട്ട് ഹാജരാകാന്‍ മെയ് 19-ാം തിയതി വരെയായിരുന്നു ഇയാള്‍ പോലീസിനോട് സമയം ചോദിച്ചത്. ബിസിനസ് ടൂറിനായി വിദേശത്താണെന്നായിരുന്നു വിശദീകരണം.
വിജയ് ബാബു പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ മാര്‍ച്ച് 22നാണ് പോലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. തൊട്ടുപിന്നാലെ ഫെയിസ്ബുക്ക് ലൈവില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.