ദുരൂഹ സാഹചര്യത്തില്‍ പ്രവാസി കൊല്ലപ്പെട്ട സംഭവം; മൂന്നു പേര് കസ്റ്റഡിയില്‍, പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘമെന്ന് സംശയം
സൗദിയില്‍ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. അഗളി വാക്യത്തൊടി അബ്ദുള്‍ ജലീല്‍ (42) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. സംഭവവുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്.
സ്വര്‍ണ്ണക്കടത്തു സംഘമാണ് സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. മെയ് 15ന് രാവിലെ 9.45നാണ് ജലീല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. താന്‍ സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും വാഹനവുമായി അവിടെയെത്തിയാല്‍ മതിയെന്നുമായിരുന്നു ഭാര്യയെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ വാഹനവുമായി പെരിന്തല്‍മണ്ണയില്‍ കാത്തുനിന്നെങ്കിലും താന്‍ വൈകുമെന്നും വീട്ടിലേക്ക് മടങ്ങാനും പിന്നീട് ജലീല്‍ നിര്‍ദേശിച്ചു.
16-ാം തിയതി രാവിലെയും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ വിവരമറിയിച്ചു. ജലീല്‍ ഇതിനിടയില്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നില്ല. 16-ാം തിയതി രാത്രിയാണ് അവസാനമായി ജലീല്‍ ഭാര്യയെ വിളിച്ചത്. പോലീസില്‍ പരാതി നല്കിയിട്ടുണ്ടെങ്കില് അത് പിന്‍വലിക്കണമെന്നായിരുന്നു ഫോണില്‍ ജലീല്‍ ആവശ്യപ്പെട്ട.
ഇതിന് ശേഷം വ്യാഴാഴ്ചയാണ് ജലീല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലുണ്ടെന്ന് ഭാര്യയെ അജ്ഞാതനായ ഒരാള്‍ വിളിച്ച് അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ജലീല്‍ രാത്രി 12.15ഓടെ മരിക്കുകയായിരുന്നു. ശരീരത്തില്‍ വെട്ടേറ്റതിന്റെയും മര്‍ദ്ദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു.
Content Highlight: three detained in missing expat death case