ജലീലിന്റെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘമെന്ന് സൂചന; ആശുപത്രിയിലെത്തിച്ചയാള്‍ മുഖ്യപ്രതി
പ്രവാസിയായ അബ്ദുള്‍ ജലീലിന്റെ കൊലയ്ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സൂചന. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാളാണ് മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയാണ് ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ തന്നെയാണ് ജലീല്‍ ആശുപത്രിയിലാണെന്ന് ഭാര്യയെ വിളിച്ച് അറിയിച്ചത്. ആശുപത്രിയില്‍ നിന്ന് മുങ്ങിയ യഹിയ ഇപ്പോള്‍ ഒളിവിലാണ്.
സൗദിയില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ ജലീലിനെ മര്‍ദ്ദിച്ച സംഘത്തിലെ അംഗമാണ് യഹിയ. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജലീല്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെ മരിച്ചു. കേസില്‍ മൂന്നു പേര് കസ്റ്റഡിയിലാണ്. ഇവര്‍ക്ക് സംഭവവമുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് അറിയിച്ചത്.
മെയ് 15ന് രാവിലെ 9.45നാണ് ജലീല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. താന്‍ സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും വാഹനവുമായി അവിടെയെത്തിയാല്‍ മതിയെന്നുമായിരുന്നു ഭാര്യയെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ വാഹനവുമായി പെരിന്തല്‍മണ്ണയില്‍ കാത്തുനിന്നെങ്കിലും താന്‍ വൈകുമെന്നും വീട്ടിലേക്ക് മടങ്ങാനും പിന്നീട് ജലീല്‍ നിര്‍ദേശിച്ചു.
16-ാം തിയതി രാവിലെയും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ വിവരമറിയിച്ചു. ജലീല്‍ ഇതിനിടയില്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നില്ല. 16-ാം തിയതി രാത്രിയാണ് അവസാനമായി ജലീല്‍ ഭാര്യയെ വിളിച്ചത്. പോലീസില്‍ പരാതി നല്കിയിട്ടുണ്ടെങ്കില് അത് പിന്‍വലിക്കണമെന്നായിരുന്നു ഫോണില്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Gold smugglers behind allegedly behind abdul jaleel murder