പൊലീസുകാര്‍ വയലില്‍ ഷോക്കേറ്റ് മരിച്ച കേസ്; പന്നിക്കെണി വെച്ചയാള്‍ അറസ്റ്റില്‍
പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. പ്രതിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സുരേഷാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കെണിയില്‍ നിന്ന് വൈദ്യതാഘാതമേറ്റാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് സുരേഷ് സമ്മതിച്ചതായി പാലക്കാട് എസ്പി ആര് വിശ്വനാഥ് പറഞ്ഞു.
കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് വനംവകുപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബോധപൂര്‍വ്വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വീടിന്റെ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന് നല്കിയ ശേഷം ഉറങ്ങാന്‍ പോയ സുരേഷ് ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊലീസുകാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നെന്നും സുരേഷ് മൊഴി നല്കി.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി കാണാതായ ഇവരെ കൊയ്ത്ത് കഴിഞ്ഞ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്ക്കാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
Content Highlight – Case of 2 policeman who died of shock in field; Pig trapper arrested