ഉപയോഗിച്ച മാസ്കടക്കമുള്ള മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി; മൂന്നു പേര് അറസ്റ്റില്‍
വാഹനത്തിലെത്തി വഴിയരികില്‍ ഉപയോഗിച്ച മാസ്കടക്കമുളള മാലിന്യങ്ങള്‍ തള്ളിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേലക്കുളം കീടേത്ത് ഷെമീര്‍ (42), അറക്കപ്പടി കാരേക്കാടന്‍ അല്‍ത്താഫ് (24), ചേലക്കുളം വലിയ പറമ്പില്‍ മുഹമ്മദ് സനൂപ് (28) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പുലര്‍ച്ചെ പട്ടിമറ്റം ആക്കാമ്പാറയലെ ജനവാസ മേഖലയിലാണ് രണ്ട് ലോഡ് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയത്.
കടവന്ത്രയിലെ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഷെമീറാണ് കരാര്‍ എടുത്തിട്ടുള്ളത്. ഉപയോഗിച്ച മാസ്കുകള്‍, വര്‍ക്ക് ഷോപ്പ് വേസ്റ്റ് എന്നിവ അടങ്ങുന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിച്ചത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തി പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ എം.പി.എബി, എസ്.സി.പി.ഒ മാരായ അബ്ദുള്‍ മനാഫ്, വിവേക്, ഹോംഗാര്‍ഡ് യാക്കോബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlight: Three detained for illegal waste disposal on roadside