എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ജൂൺ രണ്ടാം ആഴ്ചമുതൽ
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് കാസർക്കോട് ജില്ലാ കലക്ടർ. അർഹതപ്പെട്ട ആളുകൾക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനായി ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതരിൽ ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധനകൾ വിവിധ തലങ്ങളിലായി പുരോഗമിക്കുകയാണ്. വരുന്ന മൂന്ന് ആഴ്ചക്കകം ഈ നടപടികൾ പൂർത്തീകരിക്കുമെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. അർഹരായ ആളുകളെ കണ്ടെത്തി അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക ട്രാൻസ്ഫർ ചെയ്യുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
ധനസഹായത്തിന് അർഹരായ ആളുകളെ സർക്കാർ കേന്ദ്രങ്ങളിലേക്ക് എത്തിക്കാതെ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് ശ്രമം. നേരത്തെ അർഹരായ ആളുകൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി കൂട്ടത്തോടെ രോഗികളെ ക്യാമ്പുകളിൽ എത്തിച്ചിരുന്നത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. സ്വന്തമായി നടക്കാനോ ചലിക്കാനോ പോലും കഴിയാത്ത ആളുകളുമായി എത്തി മണിക്കൂറുകളോളം കാത്തു നിൽക്കുന്നത് ഏറെ വേദനാജനകമായ കാഴ്ചയായിരുന്നു. അത് കൂടാതെ പലപ്പോഴും ധസഹായ വിതരണ കേന്ദ്രത്തിൽ എത്തുമ്പോഴാണ് അർഹരല്ലെന്ന പേരിൽ പലരെയും ഒഴിവാക്കിയ കാര്യം തന്നെ അവർ അറിയുക. ഈ നടപടിയും വിവാദമായിരുന്നു.
ഈ സാഹചര്യത്തിൽ കൂടിയാണ് നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ അർഹരെ കണ്ടെത്തി പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സംവിധാനം ഉറപ്പാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനൊപ്പം അർഹതപ്പെട്ടവർക്ക് മുഴുവൻ സഹായം ഉറപ്പുവരുത്തുകയും കൂടി ലക്ഷ്യമിട്ടാണ് സർക്കാറിന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടി.
Content Highlight – Disbursement of financial assistance to Endosulfan victims from the second week of June