പി.സി.ജോര്‍ജ് ഹൈക്കോടതിയിലേക്ക്; വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ് ഉടനില്ലെന്ന് പോലീസ്
വിദ്വേഷ പ്രസംഗ കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പി.സി.ജോര്‍ജ് ഹൈക്കോടതിയിലേക്ക്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോട് അനുബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 75 വയസുള്ള തനിക്ക് സമാനമായ കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ജോര്‍ജ് കോടതിയെ അറിയിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല വെണ്ണലയിലെ പ്രസംഗമെന്നും ജോര്‍ജ് വാദിച്ചു. എന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം.
അതേസമയം ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ നടത്തിയ വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് വഞ്ചിയൂര്‍ കോടതിയില്‍ പോലീസ് നല്‍കിയിരിക്കുന്ന അപ്പീലില്‍ ഉത്തരവ് വന്നതിന് ശേഷം മാത്രമേ നടപടി സ്വീകരിക്കൂ. വെണ്ണലയിലെ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യവും അന്വേഷണത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
Content Highlight: PC George moves to high court for anticipatory bail