ആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചു
കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകരാജ്യങ്ങളില്‍ ആശങ്ക പരത്തി കുരങ്ങുപനി (മങ്കി പോക്സ് )പടരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതേതുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചു.
നിലവിലെ കണക്ക് പ്രകാരം 12 രാജ്യങ്ങളായി 130 ലേറെപേര്‍ക്ക് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 14 പേര്‍ക്ക് പുതിയതായി രോഗബാധ ഉണ്ടായിട്ടുണ്ട്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. മാഡ്രിഡ് നഗരത്തിലും രോഗബാധ സാധ്യത സ്ഥിരീകരിച്ചു.
1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിക്കുന്നത്.
അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന പേര് ഈ രോഗത്തിന് ലഭിച്ചത്.
1970ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്. 1970 മുതല്‍ 11 ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.
വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്.
പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും.കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്. എന്നാലും അപൂര്‍വ്വ കേസുകളില്‍ മരണം സംഭവിക്കാറുണ്ട്.
Content Highlight – Anxious monkey fever; The World Health Organization called an emergency meeting