പൊലിസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ച സംഭവം റെനീസ് പലിശക്ക് പണം കൊടുത്തിരുന്നതിന് തെളിവ്
ആലപ്പുഴയിലെ പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് റെനീസിനെതിരെ കൂടുതൽ തെളിവുകൾ. റെനീസ് വട്ടിപ്പലിശക്ക് പണം കൊടുത്തിരുന്നുവെന്ന് അന്വേഷണ സംഘം. ഇത് സംബന്ധിച്ച് രേഖകളും പണവും ഇയാളുടെ ബന്ധുക്കളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. വട്ടിപ്പലിശക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി ഭാര്യ നജ്ലയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നുവെന്ന് അയൽവാസികളും അടുത്ത ബന്ധുക്കളും മൊഴി നൽകി.
വട്ടിപ്പലിശക്ക് പണമിടപാട് നടത്തിയതിലും റെനീസിനെതിരെ കേസെടുക്കും.ഒരു ലക്ഷത്തിനടുത്ത് പണമാണ് റെനീസിന്റെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. സ്ത്രീധന പീഡനം ആത്മഹത്യാ പ്രേരണാ കുറ്റങ്ങൾ ചുമത്തിയാണ് റെനീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആലപ്പുഴയിലെ എ ആർ ക്യാമ്പ് ക്വാർട്ടേഴ്സിലാണ് റെനീസിന്റെ ഭാര്യ നജ്ലയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നജ്ലയെ തൂങ്ങിമരിച്ച നിലയിലും മക്കളായ ടിപ്പു സുൽത്താനെ ശ്വാസം മുട്ടിച്ചും മലാലയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് നിരന്തരം നജ്ലയെ പീഡിപ്പിച്ചിരുന്നുവെന്ന് നജ്ലയുടെ സഹോദരിയാണ് പരാതി ഉന്നയിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റെനീസിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തിയത്.
Content Highlight – The incident in which the mother and children died at the police quarters