ഇന്ധനവില: കേന്ദ്രം നികുതികൂട്ടുമ്പോൾ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്ന് വിഡി സതീശൻ
ഇന്ധനവിലയിലെ അധികവരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ (VD Satheesan). കേന്ദ്രം ഇന്ധനനികുതി കൂട്ടുമ്പോഴെല്ലാം സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു. തൃക്കാക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി കൂട്ടിയിട്ടില്ലെന്ന സംസ്ഥാനത്തിൻ്റെ വാദം ജനങ്ങളെ കബളിപ്പിക്കുന്നതാണ്. കേന്ദ്രം നികുതി കൂട്ടുമ്പോഴേല്ലാം സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നുണ്ട്. ഒരു വർഷത്തിനിടെ സംസ്ഥാനത്തിന് അധിക വരുമാനമായി കിട്ടിയത് 6000 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഊഹക്കച്ചവടം സജീവമാകുകയാണ്. തൃക്കാക്കരയിൽ സെഞ്ച്വറി അടിക്കാൻ നടക്കുകയാണ് സർക്കാർ. പക്ഷെ 100 ആയത് തക്കാളിയുടെ വിലയാണെന്നും സതീശൻ ആരോപിച്ചു.
തൃക്കാക്കരയ്ക്കുവേണ്ടിയുളള എൽഡിഎഫ് പ്രകടനപത്രിക കാപട്യമാണെന്ന് പറഞ്ഞ വിഡി സതീശൻ ഇടതുസര്‍ക്കാര്‍ കൊച്ചിക്കുവേണ്ടി എന്ത് വികസനമാണ് നടപ്പാക്കിയതെന്നും ചോദിച്ചു. കൊച്ചിയുടെ വികസനത്തിനായി ചെറുവിരലനക്കാത്തവരാണ് തൃക്കാക്കരയ്ക്കായി പ്രകടനപത്രികയിറക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് അതിജീവിതയ്ക്കൊപ്പമാണെന്നും സതീശൻ പറഞ്ഞു. അന്വേഷണം ശരിയായ വഴിക്കല്ല പോകുന്നതെങ്കിൽ യുഡിഎഫ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.