പി സി ജോര്‍ജ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും; പോലീസ് തെരച്ചില്‍ തുടരുന്നു
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ പി സി ജോര്‍ജ് ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സൂചനകള്‍. പ്രസംഗത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് കാണിച്ചാണ് പി സി ജോര്‍ജ് അപ്പീല്‍ സമര്‍പ്പിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം പി സി ജോര്‍ജിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ പിടികൂടാന്‍ പറ്റിയില്ല. പി സി ജോര്‍ജ് നിലവില്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വെണ്ണലയില്‍ നടത്തിയ വിവാദ പ്രസംഗം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിശദമായി പരിശോധിക്കും. സമാനമായ ഒരു കേസില്‍ ജാമ്യം ലഭിച്ചിട്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെണ്ണലയിലെ പ്രസംഗം പരിശോധിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് ഉച്ചക്ക് മുന്‍പ് തന്നെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് പി സി ജോര്‍ജിന് അനുകൂലമായ നടപടികള്‍ ഉണ്ടാവുന്നതുവരെ അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടാവാനിടയില്ലെന്നും പി സി ജോര്‍ജുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Content Highlight: PC George likely to approach high court today in hate speech case