കിരണ്‍കുമാറിന് ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യത; നീതികിട്ടിയെന്ന് വിസ്മയയുടെ കുടുംബം
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യത. ആത്മഹത്യാ പ്രേരണ(306), സ്ത്രീധന പീഡന മരണം (304ബി), ഗാര്‍ഹിക പീഡനം(498എ) തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
നീതി കിട്ടിയെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിന് എതിരായ വിധിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. ശാരീരിക പീഡനം (323), ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പിലുള്ള കുറ്റങ്ങള്‍ കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി പി. രാജ്കുമാര് പ്രതികരിച്ചത്.
കേസില്‍ അറസ്റ്റിലായതിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പ് പിരിച്ചു വിട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ജാമ്യം റദ്ദായ കിരണിനെ ജയിലിലേക്ക് മാറ്റി.
Content Highlight: Kiran Kumar likely to get life term