വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച വരെ ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കോടതി പറഞ്ഞു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.എറണാകുളം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏപ്രില്‍ 8ന് വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ നടന്ന സപ്താഹത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പോലീസ് കേസെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വെണ്ണലയിലെ പ്രസംഗം.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്കിയ ഹര്‍ജി വഞ്ചിയൂര്‍ കോടതി ഇന്ന് പരിഗണിച്ചിരുന്നു. വെണ്ണല പ്രസംഗത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. കേസില്‍ ബുധനാഴ്ച വിധി പറയും.
Content Highlight: pc george gets interim bail