ടാങ്കര്‍ ലോറിയില്‍ കഞ്ചാവു കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍
ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ചാത്തംവേലിപ്പാടം ഭാഗത്ത് താമസിക്കുന്ന പുതുവായ്പ്പറമ്പ് വീട്ടില്‍ സജിത് (ഉണ്ണി 41) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഞ്ചാവ് കച്ചവടത്തിന്റെ ഇടനിലക്കാരനായിരുന്ന ഇയാളാണ് ഒറീസയില്‍ പോയി മൊത്തക്കച്ചവടക്കാരനുമായി കച്ചവടം ഉറപ്പിച്ചത്.
ചെന്നൈ കൃഷ്ണവേണി ഭാഗത്ത് നിന്നുമാണ് സജിത്തിനെ പിടികൂടിയത്. വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന ടാങ്കര്‍ ലോറി പിടികൂടിയത്. ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവാണ് അന്ന് പിടികൂടിയത്. കേസില്‍ ലോറി ഡ്രൈവര്‍ സെല്‍വകുമാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വി.എസ്.വിപിന്‍. എസ്.ഐ രാജേന്ദ്രന്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ അനീഷ് കുര്യാക്കോസ്, സി.പി.ഒ മാരായ ഷര്‍നാസ്, സുധീര്‍, വിപിന്‍ വര്‍ക്കി എന്നിവരാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlight – Cannabis smuggled in tanker lorry; Another Accused arrested