പി.സി.ജോര്‍ജ് ഇന്ന് ഹാജരാകണം; നോട്ടീസ് നല്കി പോലീസ്, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി
വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് ഹാജരാകണമെന്ന് പോലീസ്. ഇന്ന് ഹാജരാകണമെന്ന് കാട്ടി പാലാരിവട്ടം പോലീസ് നോട്ടീസ് നല്കി. ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. ഉച്ചയോടെ പാലാരിവട്ടം സ്റ്റേഷനില്‍ അദ്ദേഹം ഹാജരായേക്കുമെന്നാണ് സൂചന. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതിനാല്‍ വ്യാഴാഴ്ച വരെ ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാകില്ല.
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ നല്കിയ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ജാമ്യം ലഭിച്ചതിന് ശേഷമായിരുന്നു വെണ്ണലയില്‍ ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടിയാണ് പോലീസ് കോടതിയെ സമീപിച്ചത്. കേസില്‍ തിങ്കളാഴ്ച കോടതി വാദം കേട്ടതിന് ശേഷം ഇന്ന് വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.
Content Highlight: police issues notice to pc george