ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീം കോടതി; വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധം
ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്കും ഉണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ഒരു പൗരന് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ നിയമത്തിന്റെ തുല്യ സംരക്ഷണം ലൈംഗിക തൊഴിലാളികള്‍ക്കും വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് എന്‍ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. വേശ്യാലയം നടത്തിപ്പ് രാജ്യത്ത് നിയമവിരുദ്ധമാണ് എന്നാല്‍ വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയസമ്മതപ്രകാരം ലൈംഗികത്തൊഴിലിന് ഏര്‍പ്പെടുന്നവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് കോടതി പറഞ്ഞു. ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലൈംഗികത്തൊഴിലാളികള്‍ ലൈംഗിക പീഡനത്തിനെതിരെ പരാതി നല്കിയാല് പൊലീസ് വിവേചനപരമായി കാണരുത്. പരാതി നല്‍കുന്നവര്‍ക്ക് എല്ലാ വൈദ്യ, നിയമ സഹായങ്ങള്‍ നല്‍കണമെന്ന് കോടതി പറയുന്നു. കൂടാതെ ലൈംഗികത്തൊഴിലാളികളെ അവരുടെ മക്കളില്‍ നിന്ന് വേര്‍പെടുത്തരുത്. അമ്മയ്ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ മാറ്റി നിര്‍ത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight – supreme court says prostitution is a profession and sex workers must be treated with dignity