ആര്യന് ഖാന് എതിരായ ലഹരി മരുന്നു കേസ്; സമീര്‍ വാംഖഡേയ്ക്കെതിരെ നടപടിക്ക് സാധ്യത
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് എതിരായ ലഹരി മരുന്നു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡേയ്ക്ക് എതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. കേസില്‍ അശ്രദ്ധമായി അന്വേഷണം നടത്തിയെന്നും വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമുള്ള ആരോപണങ്ങളാണ് സമീര്‍ വാംഖഡേയ്ക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. രണ്ടു കേസുകളിലും നടപടിക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന.
ആര്യന് ഖാനും സുഹൃത്തുക്കളും അറസ്റ്റിലായ കേസില്‍ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡും അനുബന്ധ സംഭവങ്ങളും വിവാദമായിരുന്നു. വാംഖഡേ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളുണ്ടെന്നും ഷാരൂഖ് ഖാനില്‍ നിന്നുവരെ പണം തട്ടാന്‍ ശ്രമം നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആര്യന് ഖാന് പ്രതിയായ കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കിയിരുന്നു.
കേസില്‍ ആര്യന് ഖാനെയും സുഹൃത്തുക്കളെയും കുറ്റവിമുക്തരാക്കിയതോടെയാണ് വാംഖഡേയ്ക്കെതിരെ നടപടിയുണ്ടായത്. 2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാകുന്നത്.
Content Highlight: Action against sameer wankhade