മുദ്രാവാക്യം വിളിച്ചത് അര്‍ത്ഥം അറിയാതെയെന്ന് പത്തു വയസുകാരന്
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ചത് അര്ത്ഥമറിയാതെയെന്ന് കുട്ടി. പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. എന്‍ആര്‍സി പ്രതിഷേധത്തില്‍ പങ്കെടുത്തപ്പോള്‍ കേട്ട മുദ്രാവാക്യമാണ് ഇതെന്ന് കുട്ടി പറഞ്ഞു. ആസാദി എന്നൊരു മുദ്രവാക്യമായിരുന്നു ആദ്യം വിളിച്ചത്. അത് കഴിഞ്ഞപ്പോള്‍ ഇത് ഓര്‍മവന്നു.
അപ്പോള്‍ ഇതു വിളിക്കുകയും ചിലര്‍ തന്നെ തോളത്തിരുത്തുകയുമായിരുന്നു. മുദ്രാവാക്യം വിളിക്കാന്‍ ആരും പറഞ്ഞതല്ലെന്നും സ്വയം വിളിച്ചതാണെന്നും കുട്ടി പറഞ്ഞു. ‘എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാര് വിളിക്കുന്നത് കേട്ടു, അങ്ങനെ മനഃപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ഥം ഒന്നും അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശ്യക്കുന്നതെന്നും അറിയില്ല’ കുട്ടി പറഞ്ഞു.
കുട്ടി വിളിച്ചത് പുതിയ മുദ്രാവാക്യമല്ലെന്നും എന്‍ആര്‍സി, സിഎഎ പ്രതിഷേധങ്ങളില്‍ ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ പള്ളുരുത്തിയിലെ വീട്ടില്‍ തിരികെയെത്തിയ കുട്ടിയുടെ പിതാവിനെ വിദ്വേഷ മുദ്രാവാക്യ കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
എന്‍ആര്‍സി റാലിക്കിടെ പഠിച്ച മുദ്രാവാക്യം ഇപ്പോള്‍ വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. അതില്‍ ഏതെങ്കിലും മതത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ അച്ഛന് കൂട്ടിച്ചേര്‍ത്തു.
Content Highlights: Popular Front, Hate Slogan, Arrest