കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
കൊച്ചി മെട്രോയില്‍ ഭീഷണി സന്ദേശം എഴുതിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രണ്ടു പേരാണ് ബോട്ടില്‍ സ്േ്രപ പെയിന്റ് ഉപയോഗിച്ച് മെട്രോയില്‍ ഭീഷണി സന്ദേശം എഴുതിയതെന്ന് പോലീസ് കണ്ടെത്തി. സ്ഫോടനം, ആദ്യത്തേത് കൊച്ചിയില്‍ എന്നായിരുന്നു സന്ദേശം. മെയ് 22നാണ് സംഭവമുണ്ടായത്. പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യാര്‍ഡില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രെയിനിന്റെ പുറത്ത് ഇംഗ്ലീഷില്‍ പല നിറത്തിലുള്ള സ്പ്രേ പെയിന്റുകൊണ്ടെഴുതുകയായിരുന്നു.
പമ്പ എന്ന ട്രെയിനിലാണ് ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയത്. ട്രെയിനിന്റെ മൂന്നു കോച്ചുകളിലും ലിഖിതങ്ങളുണ്ടായിരുന്നു. മെട്രോ ലോഗോയോടൊപ്പമായിരുന്നു ലിഖിതങ്ങള്‍. ഇതേത്തുടര്‍ന്ന് പമ്പ ട്രെയിനിന്റെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. രാത്രി സര്‍വീസ് അവസാനിപ്പിച്ച് യാര്‍ഡില്‍ കൊണ്ടിട്ടതിന് ശേഷമാണ് അതിക്രമമുണ്ടായത്.
സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുകയാണ്. അതീവസുരക്ഷയുള്ള മെട്രോ യാര്‍ഡില്‍ സായുധരായ 12 പൊലീസുകാര്‍ സദാ കാവലുണ്ട്. കേരള പൊലീസിന്റെ ഭാഗമായ സംസ്ഥാന വ്യവസായ സുരക്ഷാസേനയ്ക്കാണ് മൊത്തം മെട്രോ സംവിധാനത്തിന്റെയും സുരക്ഷാ ചുമതല. പ്ലാറ്റ്ഫോമുകള് പൂര്‍ണമായും ക്യാമറ നിരീക്ഷണത്തിലാണ്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അതിക്രമിച്ച് കയറിയത് ആരെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വി യു കുര്യാക്കോസ് പ്രതികരിച്ചു. കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സുരക്ഷാകാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്നുമായിരുന്നു കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്ര പ്രതികരിച്ചത്.
Content Highlights: Kochi Metro, Threat, UAPA