പിതാവും സഹായിച്ചു; വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിളിച്ച വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തും എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയുമായ സുധീറാണ് മുദ്രാവാക്യം പഠിപ്പിച്ചതെന്നും പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന് പ്രസിഡന്റ് ഷമീറും കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കാനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തും കേസിലെ 26-ാം പ്രതിയുമാണ് സുധീര്‍, ഷമീര്‍ 25-ാം പ്രതിയാണ്.
മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതില്‍ ഇവര്‍ക്കായിരുന്നു നിര്‍ണായക ചുമതല. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്ന കാര്യം പിതാവിന് നേരത്തേ അറിയാമായിരുന്നു. പ്രകോപനകരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പിതാവ് വിട്ടുനല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവിനെതിരെ കുട്ടികളെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചുവെന്നും വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നതിന് സഹായിയായി പ്രവര്‍ത്തിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 27-ാം പ്രതിയാണ് കുട്ടിയുടെ പിതാവ്.
കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങളെയും റിമാന്‍ഡ് ചെയ്തു. ജഡ്ജിമാരെ പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചുവെന്ന് പുതിയൊരു കേസ് കൂടി യഹിയയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ എസ്പി ഓഫീസ് മാര്‍ച്ചില്‍ ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്ന് യഹിയ പ്രസംഗിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് കേസ്.
Content highlights: Popular Front, Hate Slogan, Remand, SDPI