ജോ ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍; ലീഗ് പ്രവര്‍ത്തകനെന്ന് പോലീസ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫ് മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ ഉച്ചയോടെ തൃക്കാക്കരയില്‍ എത്തിക്കും.
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തത്. പിന്നീട് ഫെയിസ്ബുക്കിലൂടെയും വീഡിയോ പ്രചരിപ്പിച്ചു. ട്വിറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയില്‍ എടുത്തതും. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്റര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഫെയിസ്ബുക്കില് നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ 6 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ വ്യാജ വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.
വീഡിയോ പ്രചരിച്ച സംഭവത്തില്‍ യുഡിഎഫിന് എതിരെ എല്‍ഡിഎഫ് രംഗത്തെത്തിയതിന് പിന്നാലെ വീഡിയോ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം വിവാദമായി മാറുകയും ചെയ്തു. പിന്നീട് വീഡിയോയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണവുമായി വി ഡി സതീശന് രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlight: Thrikkakkara, Fake video, LDF, UDF