ഗംഗാവലി പുഴയില്‍ അര്‍ജുനെ കണ്ടെത്താനായി ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറുകള്‍ നാളെ എത്തിക്കുമെന്ന് സൈന്യം
ബെംഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങള്‍ നാളെ എത്തിക്കുമെന്ന് സൈന്യം.
നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റല്‍ ഡിറ്റക്ടറുകളാണ്. കുഴിബോംബുകള്‍ അടക്കം കണ്ടെത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണമാണ് എത്തിക്കുന്നത്. അതേസമയം ഗംഗാവലി പുഴയില്‍ ഇപ്പോള്‍ തിരച്ചില്‍ നടത്താനാകില്ല.
പുനെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ് കൂടുതല്‍ റഡാറുകള്‍ എത്തിക്കുകയെന്ന് കർണാടക -കേരള സബ് ഏരിയ കമാൻഡർ മേജർ ജനറല്‍ വിടി മാത്യു പറഞ്ഞു. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും തെരച്ചില്‍ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജർ ജനറല്‍ പറഞ്ഞു.
സോണാർ ഉപകരണങ്ങള്‍ കൊണ്ട് ഗംഗാവലി പുഴയില്‍ ഇപ്പോള്‍ തെരച്ചില്‍ നടത്താനാകില്ല. വലിയ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ പുഴയിലെ മണ്‍കൂനയിലാകാം ട്രക്ക് ഉള്ളത്. അതിനാലാണ് സോണാർ ഉപകരണങ്ങള്‍ ഉപയോഗിക്കാൻ കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മണ്‍കൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചില്‍ നീളും. ‘ജിപിഎസ് സിഗ്നല്‍ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നല്‍കുന്നത്. അതിനാല്‍ കരയി ല്‍ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റോഡില്‍ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തില്‍ ഇനി തെരച്ചില്‍ പുഴയിലേക്ക് മാറ്റിയേക്കും.
‘രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലില്‍ കാണാതെയായിട്ടുണ്ട്. രാത്രി തെരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാല്‍ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല’. വെള്ളത്തില്‍ തെരച്ചില്‍ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക അ റിയിച്ചു.