മണ്ണിടിച്ചിലില്‍ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല; മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ലെന്ന് കാര്‍വാര്‍ എസ്പി നാരായണ
ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ചുവെന്ന വാർത്തകള്‍ തള്ളി കാർവാർ എസ്പി നാരായണ.
സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല. മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഗംഗാവലി പുഴയില്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തല്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തില്‍ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്.