അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്; എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് ശേഷമുള്ള നീക്കം

പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് നടന്നു. അനിൽ അംബാനി പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തട്ടിപ്പിന്റെ പേരിൽ എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.
സെബി, നാഷണൽ ഹൗസിങ് ബാങ്ക്, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ കൈമാറിയ വിവരങ്ങൾ, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾ എന്നിവയിലാണ് പരിശോധന നടക്കുന്നത്. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് നേരെയും പരിശോധന ഉണ്ടാകുമെന്നാണ് വിവരം. 2017 മുതൽ 2019 വരെയുളള കാലയളവിൽ യെസ് ബാങ്കിൽ നിന്ന് ലഭിച്ച 3000 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നതിലാണ് അന്വേഷണം. ലോണുകൾ ലഭിക്കാനായി യെസ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് അനിൽ അംബാനി കൈക്കൂലി നൽകിയെന്ന ആരോപണത്തിലും അന്വേഷണമുണ്ട്.
അനിൽ അംബാനിയെയും അദ്ദേഹം പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും ദിവസങ്ങൾക്ക് മുൻപ് എസ്ബിഐ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. . റിലയൻസിന് ലഭിച്ച 31000 കോടി രൂപ മറ്റ് കമ്പനികൾ ഉപയോഗിച്ച് അനിൽ അംബാനി ദുരുപയോഗം ചെയ്തുവെന്നായിരുന്നു അനിൽ അംബാനിക്കെതിരായ എസ്ബിഐയുടെ ആരോപണം