ഇത് മാളല്ല, അതുക്കും മേലെ ; ലുലു കൊച്ചിയുടെ തലവര മാറ്റും: ബെംഗളൂരില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തും
ലോകത്ത് എവിടേയുമുള്ള മലയാളികള്‍ക്ക് അഭിമാനകരമായ വ്യവസായ ഗ്രൂപ്പാണ് ലുലു. തുടക്കത്തില്‍ ഗള്‍ഫില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലുലു ഗ്രൂപ്പ് ഇതിനോടകം തന്നെ കേരളം ഉള്‍പ്പെടേയുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സജീവമാണ്.
കേരളത്തില്‍ തന്നെ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു. കോഴിക്കോടേയും പാലക്കാടേയും ഹൈപ്പർ മാർക്കറ്റുകള്‍ ഉടന്‍ തുറന്ന് പ്രവർത്തിക്കും.
ഹൈപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് പുറമെ കേരളത്തില്‍ ഐടി മേഖലയിലേക്കും ലുലു ഗ്രൂപ്പ് ചുവട് വെക്കുകയാണ്. കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് പണിയുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ഇരട്ട ടവറിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഏതാനും മിനുക്ക് പണികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.
15000 കോടിയുടെ വമ്ബന്‍ പദ്ധതിയാണ് ലുലുവിന്റെ ഐടി ടവർ. 153 മീറ്റർ ഉയരത്തിലുള്ള ഈ കെട്ടിടത്തിന് കേരളത്തിന്റെ ഐടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്നാണ് ധനം ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇരട്ട ടവറുകള്‍ക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റിനുള്ള (OC) പ്രാരംഭ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കമ്ബനികളുമായി ഉടന്‍ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചു തുടങ്ങും.
കമ്ബനികളുമായി എഗ്രിമെന്റിലേർപ്പെട്ട് കഴിഞ്ഞാല്‍ ബാക്കി സൗകര്യങ്ങള്‍ അവരുടെ കൂടെ താല്പര്യം അനുസരിച്ച് ചെയ്തു കൊടുക്കും. ഇരട്ട ടവറുകള്‍ക്ക് ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയായിരിക്കും ലീസിന് നല്‍കുക.
മൂന്ന് ലെവല്‍ കാർ പാർക്കിങില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭിക്കും. നവംബർ മാസത്തോടെ ലുലു ഇന്‍ഫ്രാ ബില്‍ഡ് ഇരട്ട ടവറുകളുടെ ഉദ്ഘാടനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലു ഐ.ടി ഇന്‍ഫ്രബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച കെട്ടിടത്തിന് ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാർ എം എന്‍ സികളെല്ലാം മികച്ച അഭിപ്രായമാണ് നല്‍കിയിരിക്കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ വർധിച്ച് വരുന്ന ഐടി പ്രൊഫഷണലുകള്‍ക്കും ലുലു ടവർ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര് മാത്രമാണ് കൊച്ചിയില്‍ ജോലി ചെയ്യുന്നത്. കൊച്ചിയിലേക്ക് ബംഗളൂരുവില്‍ നിന്നടക്കം കൂടുതല്‍ ഐടി പ്രൊഫഷണലുകള്‍ വരാന്‍ ലുലു ടവർ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു