ഓണക്കച്ചവടം ലാക്കാക്കി തമിഴ്നാടിന്റെ കുതന്ത്രം, വില കുറഞ്ഞത് കുത്തനെ, നേട്ടം ഇവര്ക്ക് മാത്രം
തിരുവനന്തപുരം: കോഴിയിറച്ചി വില കുറഞ്ഞെങ്കിലും,ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങള്ക്ക് പൊള്ളുന്ന വിലയാണ്. മൂന്ന് പീസ് അടങ്ങുന്ന ഒരു പ്ളേറ്റ് ചിക്കൻ കറിക്ക് ഹോട്ടലുകളില് 120-160 രൂപ കൊടുക്കണം.
ഫ്രൈക്ക് 200. രണ്ടു പീസ് അടങ്ങുന്ന ബിരിയാണിക്ക് 160ന് മുകളില്.
ഒരു കിലോ കോഴിയിറച്ചിക്ക് ഇപ്പോള് 90- 95 രൂപയാണ്. രണ്ട് മാസം മുൻപ് ഇത് 180 -200 രൂപവരെയായിരുന്നു. അന്ന് ചിക്കൻ വില 200ലെത്തിയപ്പോള് കൂട്ടിയ നിരക്ക് ഹോട്ടലുകള് തുടരുകയാണ്. ബേക്കറികളിലും കൂട്ടിയ വിലയാണ് ഈടാക്കുന്നത്.
വിഭവങ്ങളുടെ അളവും വിലയും തീരുമാനിക്കാനുള്ള അധികാരം ഹോട്ടല് ഉടമകള്ക്കാണ്. വിഭവങ്ങളുടെ വില പ്രദർശിപ്പിക്കണമെന്നു മാത്രമേ നിലവില് നിയമമുള്ളൂ. അതിനാല് സാധനവില കൂടുമ്ബോള് വിഭവങ്ങള്ക്ക് ഇവർ വിലകൂട്ടുമെങ്കിലും പിന്നീട് കുറയ്ക്കാറില്ല. ഹോട്ടല് വിഭവങ്ങള്ക്ക് ഏകീകൃത വില നിർണയ സംവിധാനം വരാത്തിടത്തോളം ചൂഷണം തുടരുമെന്നാണ് ഉപഭോക്താക്കള് പറയുന്നത്.
180 രൂപയുടെ രണ്ട് കിലോ കോഴിയില് നിന്ന് 1.3 കിലോ മാംസമാണ് ലഭിക്കുന്നത്. 1.3 കിലോയില് നിന്ന് അഞ്ച് ഫുള് ഫ്രൈ. ഒരു ഫൈക്ക് 200 രൂപ വച്ച് ഒരു കോഴിയില് നിന്ന്1000 രൂപ. എണ്ണ,മസാല്,ജോലിക്കൂലി എന്നിവ മാറ്റിയാലും കൊള്ള ലാഭം.
തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ പല്ലടമാണ് കോഴിവളർത്തലിന്റെ പ്രധാന കേന്ദ്രം. ഓണത്തിന് മുൻപ് വിപണി കീഴടക്കാൻ ഇവർ ആദ്യം വില കുറയ്ക്കും. പിന്നീട് ഒണത്തിന് വില കൂട്ടുകയും ചെയ്യും. അതേസമയം,ഒരുകിലോ കോഴിക്ക് തീറ്റയടക്കം കേരളത്തില് വളർത്തു ചെലവ് 80-85 രൂപയാകും. നഷ്ടം കാരണം കേരളത്തിലെ കർഷകർ കോഴി വളർത്തല് നിറുത്തും. ഇതോടെ ഓണമാകുമ്ബോള് കേരളത്തിലെ കർഷകർക്ക് വില്ക്കാൻ കോഴിയുണ്ടാകില്ല.