മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍; ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
മലപ്പുറം കരുവാരക്കുണ്ടില്‍ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്.
മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടായിരിക്കും. മറ്റന്നാള്‍ 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.